ഇടുക്കി: സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്നും ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽ നിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടിക്കെതിരെ തിരിയുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ല
ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2006 മുതൽ 2021 വരെ തുടർച്ചയായ 15 വർഷം അദ്ദേഹം ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കള്‍ രാജേന്ദ്രനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. തമിഴ് കുടിയേറ്റ തൊഴിലാളികൾ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളിൽ സ്വാധീനമുള്ള മറ്റ് പാർട്ടി നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ കുറച്ചുനാളായി അവർ ശ്രമിച്ചുവരുകയാണ്.
