ഡമാസ്‌കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലും ആക്രമണമുണ്ടായി.ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു.
ഡ്രൂസ് വിഭാഗക്കാരുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍
തെക്കൻ സിറിയയിലെ സുവെയ്ദ മേഖലയില്‍ ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗക്കാർക്കെതിരെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം. ഡ്രൂസ് വിഭാഗക്കാരുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്നും, അവരുമായി ഏറ്റുമുട്ടുന്ന സിറിയൻ സർക്കാർ സേന സുവെയ്ദയില്‍ നിന്ന് പിൻവാങ്ങും വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ പറയുന്നു.
ഡ്രൂസ്, ബെദൂയിൻ വിഭാഗങ്ങള്‍ തമ്മിലുളള സംഘർഷത്തിൽ 300ലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
ജൂലൈ 13 ഞായറാഴ്ചയാണ് സുവെയ്ദയില്‍ ഡ്രൂസ്, ബെദൂയിൻ വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം ആരംഭിച്ചത്. ഡ്രൂസ്-ബെദൂയിൻ സംഘർഷം പരിഹരിക്കാൻ നഗരത്തില്‍ പ്രവേശിച്ച സർക്കാർ സേന, ഒടുവില്‍ ഡ്രൂസ് വിഭാഗക്കാരുമായി ഏറ്റുമുട്ടല്‍ തുടങ്ങി. 300ലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവരെ കാണാതാവുന്നെന്നും സർക്കാർ സേനയുടെ പിന്തുണയോടെ ബെദൂയിൻ വിഭാഗങ്ങളാണ് പിന്നിലെന്നും ആരോപിക്കുന്നു. സംഘർഷങ്ങളില്‍ യു.എസ് ആശങ്ക രേഖപ്പെടുത്തി.
