തിരുവനന്തപുരം : സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്ന് വച്ച് തുന്നിയസംഭവത്തിൽ .നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തു സ്ഥിരം .ലോക് അദാലത്തിൽ കേസ് ഫയൽ ചെയ്തിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ അസഹ്യമായ വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ സ്ഥിരമായി അനുഭവപ്പെടുകയും, ഡോക്ടറെ പലതവണ വീട്ടിൽ പോയി കണ്ട് ചികിത്സ തേടുകയും ചെയ്തു. എന്നാൽ, വിശദമായ പരിശോധനയ്ക്കുപകരം മരുന്നുകൾ നൽകി മടക്കി അയച്ചെന്നാണ് ലോക് അദാലത്തിന് ലഭിച്ച പരാതിയിൽ ഉള്ളത്.
ലോക് അദാലത്തിന്റെ വിധിയും സർക്കാർ നടപടിയും
തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കിയ സ്ഥിരം ലോക് അദാലത്ത് ഡോ. സുജ അഗസ്റ്റിൻ കുറ്റക്കാരിയെന്ന് വിധിക്കുകയും മൂന്ന് ലക്ഷം രൂപ പിഴയും, 10,000 രൂപ ചികിത്സാ ചിലവുമെല്ലാം നൽകണമെന്ന് വിധിക്കുകയും ചെയ്തു. എന്നാൽ, ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ടിട്ടും സർക്കാർ ഡോക്ടർക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെതിരെ പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകി.
അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട തീരുമാനം
പ്രസ്തുത പരാതിയിൽ സർക്കാർ തീരുമാനമെടുക്കണമെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ. നിലപാട് സ്വീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെ പേരുകളും വിവരങ്ങളും കൂടാതെ അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയും തീരുമാനത്തിനായി ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കാരിന് കൈമാറി..