ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്തയാണെന്ന് ഹൈക്കോടതി

കൊച്ചി: ആനയെ എഴുന്നള്ളിപ്പിക്കുന്നതില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്തയാണെന്നും ജസ്റ്റീസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരന്നു കോടതി. കടലില്‍ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതിനെയും മനുഷ്യന്‍ പിടിച്ചുകൊണ്ടു വരുമായിരുന്നു വെന്നും കോടതി വിമർശിച്ചു.ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

ഇതൊന്നും ആചാരമല്ലെന്ന് കോടതി

കാലുകള്‍ ചേര്‍ത്തുകെട്ടി അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന ആനകളുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കണം. മനുഷ്യനാണെങ്കില്‍ അഞ്ചു മിനിറ്റ് നില്‍ക്കാന്‍ കഴിയുമോ. ഇതൊന്നും ആചാരമല്ലെന്ന് കോടതി പറഞ്ഞു. മൂകാംബിക ശക്തിപീഠമാണ്. അവിടെയൊന്നും ആനയില്ല, ഭക്തര്‍ വലിക്കുന്ന രഥമേയുള്ളൂ. അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിനു പിന്നില്‍. ഉത്സവ കമ്മിറ്റി പ്രസിഡന്‍റാക്കിയാല്‍ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണു പറയുന്നത്. എറണാകുളം ക്ഷേത്രത്തില്‍ കഴിഞ്ഞ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാന്‍ മാത്രം 54 ലക്ഷം രൂപയാണു ചെലവഴിച്ചത്.

എഴുന്നള്ളത്തിനുള്ള ആനകളുടെ എണ്ണം കുറയ്ക്കണം

വളഞ്ഞമ്പലം ക്ഷേത്രത്തില്‍ നിന്നു തിരിയാന്‍ സ്ഥലമില്ല. അവിടെ മൂന്ന് ആനയാണ് ഉത്സവത്തിനെത്തിയത്. ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ നിയന്ത്രണം വേണം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് ആനയെ എഴുന്നള്ളിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കും. എഴുന്നള്ളത്തിനുള്ള ആനകളുടെ എണ്ണം കുറയ്ക്കണം. ആന എഴുന്നള്ളത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍ അതിനുള്ള സൗകര്യങ്ങളും അത്തരത്തില്‍ ഒരുക്കണമെന്നും കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →