സ്വീഡൻ : ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു.അമേരിക്കൻ ഗവേഷകരായ ഗാരി റൂവ്കുനിനും വിക്ടർ ആംബ്രോസിനുമാണ് പുരസ്കാരം .മൈക്രോ RNA യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ജനിതകശാസ്ത്ര രംഗത്തെ തന്നെ വളരെ സുപ്രധാനമായ കണ്ടെത്തലിനാണ് ഈ വർഷത്തെ നൊബേല്‍ നല്‍കിയിരിക്കുന്നത്.
നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മൈക്രോ RNA യുടെ കണ്ടെത്തലിലൂടെ
എങ്ങനെയാണ് ജനിതക കോശങ്ങളില്‍നിന്നും വിവരങ്ങള്‍ അടുത്ത കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്, ഓരോ തരം കോശങ്ങളും എന്ത് ജോലി ചെയ്യണമെന്ന് എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്, DNA യില്‍ നിന്ന് എൻകോഡ് ചെയ്യപ്പെട്ട വിവരങ്ങള്‍ എങ്ങനെയാണ് കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു മൈക്രോ RNA യുടെ കണ്ടെത്തല്‍. സങ്കീർണമായ ജനിതകപരമായ ഘടനയിലൂടെ എങ്ങനെയാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ ഉണ്ടായതെന്നടക്കമുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു മൈക്രോ RNA യുടെ കണ്ടെത്തല്‍.
മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെ കൂടുതല്‍ മനസിലാക്കുന്നതിന് ഏറെ നിർണായകമായ കണ്ടെത്തൽ
1993 ല്‍ തന്നെ പല ഗവേഷങ്ങളുടെ ഫലമായി ഇരു ഗവേഷകരും ചേർന്ന് മൈക്രോ RNA യുടെ കണ്ടെത്തലിലേക്ക് എത്തിയിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് പുതിയ മരുന്നുകളുടെ ഗവേഷണത്തിനും മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെ കൂടുതല്‍ മനസിലാക്കുന്നതിനും ഏറെ നിർണായകമായ കണ്ടെത്തലിനാണ് വൈദ്യ ശാസ്ത്ര നൊബേല്‍ നല്‍കിയിരിക്കുന്നത്. വിക്ടർ ആംബ്രോസ് മസാച്ചുസെറ്റ്‌സ് മെഡിക്കല്‍ സ്കൂളില്‍ നാച്ചുറല്‍ സയൻസ് പ്രൊഫസറാണ്. ഗാരി റുവ്കുൻ ഹാർവാർഡ് മെഡിക്കല്‍ സ്കൂളില്‍ ജെനറ്റിക്‌സ് പ്രൊഫസറുമാണ്.