സവാദിനെ പരിചയപ്പെട്ടത് ഉള്ളാൾ ദർഗയിൽ വച്ച്, നല്ലവനാണെന്ന് തോന്നി, മകളെ വിവാഹം കഴിപ്പിച്ചു: ഭാര്യാപിതാവ്

സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് ടിവിയില്‍ വാര്‍ത്ത കണ്ടപ്പോഴാണെന്ന് ഭാര്യാ പിതാവ് അബ്ദുല്‍ റഹ്മാന്‍. കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ ആണെന്ന് പറഞ്ഞാണ് മകളെ വിവാഹം കഴിച്ചതെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. വിവാഹ സമയത്ത് പള്ളിയില്‍ പറഞ്ഞ പേരും ഷാജഹാന്‍ എന്നാണ്.

തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നും അബ്ദുല്‍ റഹ്മാന്‍ പറയുന്നു. ഉള്ളാൾ ദര്‍ഗയില്‍ വെച്ചാണ് സവാദിനെ പരിചയപ്പെടുന്നത്. നല്ല ചെറുപ്പക്കാരനാണെന്ന് തോന്നിയത് കൊണ്ടാണ് മകളെ വിവാഹം കഴിച്ച് നല്‍കുകയായിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 വർഷമായി ഒളിവിലായിരുന്ന സവാദിനെ ഇന്നലെ രാവിലെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാലം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു.

2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →