പിഴത്തുക അടയ്ക്കില്ല; നിയമപരമായി നേരിടും; ഗതാഗത വകുപ്പിനെതിരെ ആഢംബര ബസ് ഉടമകള്‍

അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് ഗതാഗത വകുപ്പ് അനിയന്ത്രിതമായി പിഴ ഈടാക്കുകയാണെന്ന് ആഢംബര ബസുടമകളുടെ സംഘടന. കേരളവും തമിഴ്‌നാടും പിഴ ഇടുന്നതിനെതിരെ സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം ചെയ്യുമെന്നും പിഴത്തുക അടയ്ക്കില്ലെന്നും ബസുടമകള്‍ പറഞ്ഞു.

ഇന്ന് രാവിലെ അന്തര്‍ സംസ്ഥാന ബസുടമകളുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ആരോപണങ്ങള്‍ ബസുടമകള്‍ ഉയര്‍ത്തിയത്. 7500 രൂപ മുതല്‍ 15,000 രൂപ വരെ അനാവശ്യമായി പിഴ ഇനത്തില്‍ എം വി ഡി ഈടാക്കുന്നുവെന്നാണ് പരാതി. ഈ ചുമത്തിയ പിഴ അടയ്ക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. പെര്‍മിറ്റില്‍ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് വിട്ടു നല്‍കിയത്. പെര്‍മിറ്റ് ലംഘിച്ചു എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്‍ടിഒ ബസ് പിടിച്ചെടുത്തത്. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒയുടെതാണ് നടപടി. ഇന്ന് വൈകീട്ട് മുതല്‍ സര്‍വീസ് പുനഃരാരഭിക്കുമെന്ന് ബസ് ഉടമ ഗിരീഷ് അറിയിച്ചു.

രണ്ടാംദിനം സര്‍വീസിന് ഇറങ്ങിയ റോബിന്‍ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →