കണ്ണൂർ: ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ അഴിമതിയും കൈക്കൂലിയും കുറയുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 561 സർക്കാർ
ഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസിൽ വിജിലൻസ് പിടിച്ചത്.
ജനങ്ങളുമായി കൂടുതൽ നേരിട്ട് ഇടപെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂവകുപ്പ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതൽ.
കൈക്കൂലി ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമാക്കിയവർ പലപ്പോഴും
പിടിയിലാകാത്ത വിധം വൈദഗ്ധ്യം നേടിയവരാണെന്ന് വിജിലൻസ് സംഘം പറയുന്നു.
അഴിമതിക്കാരെ സർവീസിൽനിന്നും നീക്കം ചെയ്യണമെങ്കിൽ നിലവിൽ കടമ്പകൾ ഏറെയാണ്. ഇതും അഴിമതി നടത്താൻ ധൈര്യം നൽകുന്നു.
അഴിമതിക്കാരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു
അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സർക്കാറിന് കൈമാറാൻ വിജിലൻസ് ശ്രമം ആരംഭിച്ചു. കൈക്കൂലിക്കേസിൽ പിടിയിലാകുന്നവർ നിയമത്തിന്റെ പഴുതുകൾ പ്രയോജനപ്പെടുത്തി രക്ഷപ്പെടുന്നത് വിജിലൻസ് സംഘത്തെ കുഴക്കുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന വകുപ്പുകളിലാണ് അഴിമതി കൂടുതൽ.
ജനങ്ങളെ വട്ടംചുറ്റിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളും അഴിമതിക്ക് വളമാകുന്നു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും മാറണമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. കൈക്കൂലിക്കേസിൽ പിടിയിലാകുന്ന ഉദ്യോഗസ്ഥർക്കെതിരെ മൂന്നുമാസം കൊണ്ട് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി പിരിച്ചുവിടാൻ നിയമഭേദഗതി ചെയ്യണമെന്നും വിജിലൻസ് വകുപ്പ് ശുപാർശ ചെയ്യുന്നു.

