ഉന്നതർ സ്വസ്ഥത കൊടുക്കുന്നില്ല, ടാർഗറ്റ് തികയ‌്ക്കാൻ മൂന്ന് ലംഘനങ്ങൾക്ക് വ്യാപകമായി പെറ്റി അടിക്കാൻ എംവിഡിമാർ

കോടിക്കണക്കിന് രൂപയ്ക്ക് എ.ഐ ക്യാമറകൾ അടക്കം സ്ഥാപിച്ചിട്ടും വാഹനങ്ങൾ വഴിയിൽ തടഞ്ഞ് പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കുമേൽ കടുത്ത സമ്മർദ്ദം. മാസം 30 കോടി രൂപ ഈടാക്കി നൽകാനാണ് നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധികാരണം കൂടുതൽ പണം ഖജനാവിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്.

ക്യാമറ പെറ്റിയിലൂടെ പ്രതിമാസം 16 മുതൽ 18 കോടി രൂപ വരെയാണ് പിഴയായിചുമത്തുന്നത്. അതിന്റെ ഇരട്ടിത്തുകയാണ് മൊത്തം ടാർജറ്റ്. ഒരു ഉദ്യോഗസ്ഥൻ കുറഞ്ഞത് 500 കേസെടുക്കണം. ഇല്ലെങ്കിൽ നടപടി നേരിടേണ്ടിവരും.
ആലപ്പുഴയിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ കഴിഞ്ഞ ശനിയാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. പിഴ ചുമത്തിയ കേസുകൾ ജൂലായിൽ 208 , ആഗസ്റ്റിൽ 185 എന്നിങ്ങനെയാണെന്ന് സസ്‌പെൻഷൻ ഓർഡറിൽ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടാർജറ്റ് തികയ്ക്കാത്ത 20 ഉദ്യോഗസ്ഥർ നടപടി ഭീഷണിയിലാണ്. മുഖ്യമന്ത്രിയെ സമീപിക്കാനാണ് എം.വി.ഡിയിലെ സംഘടനകളുടെ നീക്കം.വാഹനം തടഞ്ഞുള്ള പരിശോധന കുറയുമെന്ന് എ.ഐ ക്യാമറപദ്ധതിയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.പിഴ ചുമത്തുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതുകൊണ്ട് വാഹനാപകടങ്ങൾ കൂടുന്നു എന്നാണ് ഉന്നതരുടെ വാദം. . യഥാർത്ഥത്തിൽ,റോഡിന്റെ ശോച്യാവസ്ഥ, വാഹനങ്ങളുടെ തകരാർ, പ്രതികൂല കാലാവസ്ഥ തുടങ്ങി നിരവധി ഘടകങ്ങൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

പിഴ ചുമത്താൻ പരിശീലനം*

കുറച്ചു നാൾ മുമ്പ് പെറ്റിക്കേസ് തികയ്ക്കാത്ത ഉദ്യോഗസ്ഥരെ ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്താൻ പഠിപ്പിച്ചിരുന്നു. 500 കേസെടുക്കുമ്പോൾ പരിശീലനം അവസാനിക്കും. മൊബൈൽഫോണിൽ ചിത്രമെടുത്ത് ഇ-ചെല്ലാൻ വഴി 500 കേസെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയിരുന്നത്.പിഴക്കെതിരെ പരാതിയുമായി ആർ.ടി.ഓഫീസുകളിൽ എത്തുമ്പോൾ ലഭിക്കുന്ന മറുപടി പിഴ ചുമത്തിയ ആൾ സ്ഥലംമാറിപോയെന്നായിരിക്കും. അതോടെ പിഴ അടയ്ക്കാൻ നിർബന്ധിതനാവും.ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, പാർക്കിംഗ് കേസുകൾ കണ്ടെത്തി കണക്ക് തികയ്ക്കാനാണ് മിക്ക ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വാഹനം ഓടിക്കുന്നയാളുടെ നിയമ ലംഘനം ക്യാമറ കണ്ടെത്തിയതിനു ശേഷമോ മുമ്പോ റോഡിലെ ഉദ്യോഗസ്ഥനും കണ്ടെത്തും. ഒരു കുറ്റത്തിന് രണ്ട് പെറ്റി അടയ്ക്കേണ്ടിയും വരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →