ആരോപണങ്ങൾക്ക് ആയുസുണ്ടായില്ല, സൂത്രധാരനെ കൈയോടെ പിടികൂടി; ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനയിൽ മാദ്ധ്യമസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സർക്കാരിനെതിരെ ഇനിയും കെട്ടിച്ചമക്കലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതി സി ഐ ടി യു പത്തനംതിട്ട ജില്ലാ ഓഫീസ് മുൻ സെക്രട്ടറി വള്ളിക്കോട് വെട്ടത്തേത്ത് അഖിൽ സജീവനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു.പത്തനംതിട്ട ഡിവൈ എസ് പിയുടെ പ്രത്യേക സ്ക്വാഡ് ഇന്നലെ പുലർച്ചെ തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. പത്തനംതിട്ട സ്റ്റേഷനിൽ എത്തിച്ച് ജില്ലാ പൊലീസ് ചീഫ് വി അജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.സി ഐ ടി യുവിന്റെ 3.60 ലക്ഷം രൂപ തട്ടിയ കേസിൽ പത്തനംതിട്ട പൊലീസ് കഴിഞ്ഞ വർഷം ജൂലായിൽ രജിസ്റ്റർ ചെയ്ത കേസിലും ഓമല്ലൂർ സ്വദേശിക്ക് സ്പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം തട്ടിയ കേസിലുമാണ് അറസ്റ്റ്. ആരോഗ്യ വകുപ്പിന്റെ പേരിലുള്ള നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്ത തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിൽ എത്തിയിരുന്നു. ഈ കേസിലെ ചോദ്യം ചെയ്യലിന് കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
തനിക്ക് വലിയതോതിൽ കടം ഉണ്ടായിരുന്നതുകൊണ്ട് പലരിൽ നിന്നും പണം വാങ്ങിയിരുന്നുവെന്ന് അഖിൽ സജീവൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ പേരിലുള്ള നിയമനത്തട്ടിപ്പിൽ പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →