കാസർഗോഡ് പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവർ മുണ്ട്യത്തടുക്കയിലെ ജോൺ ഡീസൂസ (56) യ്ക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തത്.മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗർ എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീകളിൽ മൂന്നു പേർ സഹോദരങ്ങളാണ്. 2023 സെപ്തംബർ 25 ന് വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയിൽ വച്ചാണ് സംഭവം .
പെർളയിൽനിന്ന് ബദിയഡുക്കയിലേക്ക് വരികയായിരുന്ന സ്‌കൂൾ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിർമാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
അമിതവേഗത്തിൽവന്ന ബസിന്റെ ഇടിയിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. വളവിൽ വച്ച് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി