തലയോലപ്പറമ്പ് ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്ന കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ തലയോലപ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറി പുത്തൻപുരയ്ക്കൽ കൃഷ്‌ണേന്ദു 55 പണയ ഉരുപ്പടികളിൽ ക്രമക്കേടു വരുത്തിയതായി ഓഡിറ്റിൽ കണ്ടെത്തി.
പണയംവച്ച ഉരുപ്പടി മടക്കിയെടുക്കുമ്പോൾ ഉപഭോക്താവ് നൽകിയ പണം അക്കൗണ്ടിൽ കാണിക്കാതെ വക മാറ്റിയെന്നും കണ്ടെത്തി. കൃഷ്ണേന്ദു, ഭർത്താവും സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗവുമായ അനന്തു ഉണ്ണി, അനന്തുവിന്റെ പിതാവ് എന്നിവരുടെ പേരിൽ പണയ ഉരുപ്പടി ഇല്ലാതെ 13 പ്രാവശ്യം സ്വർണം പണയംവച്ചതായി കൃത്രിമ രേഖകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ഇവർക്ക് ഒന്നിൽക്കൂടുതൽ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്നു സ്ഥാപന ഉടമ തലയോലപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൃഷ്‌ണേന്ദുവും അനന്തു ഉണ്ണിയും കേസിലെ രണ്ടാം പ്രതി വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവി പ്രജിത്തും ഒളിവിലാണ്.

