ശ്രീനഗർ: ശനിയാഴ്ച്ച അനന്ത്‌നാഗിൽ സൈന്യം കൊലപ്പെടുത്തിയത് തലയ്ക്ക്10 ലക്ഷം രൂപ പാരിതോഷികമിട്ട ഭീകരൻ ഉസൈർ ഖാനെന്ന് സംശയം. കത്തിക്കരിഞ്ഞ മൃതദേഹം ഉസൈർ ഖാന്റെ ആണോയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. ഉസൈർ ഖാന്റെ കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷമാകും പരിശോധന. അതേസമയം, കൊക്കർനാഗിൽ ഭീകരർക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷൻ ഇന്നും തുടരും.
സൈനിക നടപടിയുടെ ആറാം ദിവസമായ ഇന്ന് ഡിജിപിയും എഡിജിപിയും ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ചേക്കും. സെപ്തംബർ 13ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയായ ടിആർഎഫ് ഈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉസൈറിന് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് വിവരം.
അതേസമയം, വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങും രക്തസാക്ഷി മേജർ ആശിഷും അസാമാന്യ ധീരരായിരുന്നുവെന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലൻ പറഞ്ഞു. രണ്ടുപേരും പലതവണ ആദരിക്കപ്പെട്ടവരാണ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരുവർക്കും ഏറെ പരിചയമുണ്ടായിരുന്നു. ഡിഎസ്പി ഹുമയൂൺ ഭട്ടും വളരെ പ്രതീക്ഷ നൽകുന്നവനായിരുന്നുവെന്നും സാങ്കേതിക ജ്ഞാനിയും ബുദ്ധിമാനും എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്നതിൽ വിശ്വസിക്കുന്നവനുമായിരുന്നു അദ്ദേഹമെന്നും ധില്ലൻ അനുസ്മരിച്ചു.
വളരെ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലൊന്നായ കോക്കർനാഗിലാണ് ഇപ്പോൾ ഓപ്പറേഷൻ നടക്കുന്നത്. അവിടെ വളരെ ഇടതൂർന്ന വനങ്ങളുണ്ട്.വനത്തിനുള്ളിൽ സൂര്യരശ്മികൾ പോലും ഭൂമിയിൽ പതിക്കാൻ കഴിയാത്ത പ്രദേശങ്ങളുണ്ട്. കുത്തനെയുള്ളതും തകർന്നതുമായ പാറക്കെട്ടുകളുണ്ട്. ഭീകരർ അവിടെയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കമാൻഡിംഗ് ഓഫീസർ തന്നെ ഓപ്പറേഷന് നേതൃത്വം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

