തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) നാണ് പരുക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപം 2023 സെപ്തംബർ 16ന് പുലർച്ചെ 3:00 മണിയോടെയായിരുന്നു അപകടം.
താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തൽക്ഷണം മരിച്ചു.ഗുരുതര പരിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.