ബാര്‍സലോണ: ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിറ്റോര്‍ റോക്കിനെ ജനുവരിയില്‍ ടീമിലെത്തിക്കാനുള്ള ബാര്‍സലോണയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സ്പാനിഷ് ലാലിഗ അധികാരികള്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിറ്റോറിനെ ഇപ്പോള്‍ ടീമിലെത്തിക്കുന്നതിനു വിലങ്ങായത്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ 649 മില്യണ്‍ യൂറോ ശമ്പള ഇനത്തില്‍ ചെലവാക്കാമായിരുന്ന ബാര്‍സയെ ലാലിഗ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ ലംഘനം ആരോപിച്ച് 270 മില്യണ്‍ യൂറോ ആയി നിജപ്പെടുത്തുകയായിരുന്നു. ഇതോടെ ജനുവരിയില്‍ റോക്കിനെ ടീമിലെത്തിക്കാനാവില്ലെന്ന് മുണ്ടോ ഡിപോര്‍ട്ടിവോയാണ് റിപ്പോര്‍ട്ട് ചെയ്തത്. സമ്മര്‍ ട്രാന്‍സഫര്‍ ജാലകത്തില്‍ തന്നെ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റിക്കോ പരാനായയെന്‍സ് താരമായ റോക്കുമായി ബാര്‍സലോണ കരാറിലെത്തിയിരുന്നു. പക്ഷെ താരത്തിന് 18 വയസ് പൂര്‍ത്തിയാവണമെന്നതിനാല്‍ അടുത്തവര്‍ഷം മാത്രമേ ടീമിലെത്തുമായിരുന്നുള്ളൂ. ജനുവരിയില്‍ പ്രമുഖ താരങ്ങളില്‍ ആരെയെങ്കിലും വില്‍പന നടത്തിയാലെ ഇനി റോക്കിനെ എത്തിക്കാനാവൂ. അല്ലെങ്കില്‍ ഈ സീസണ്‍ കഴിയും വരെ കാത്തരിക്കണം.