ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്ന് നാലംഗ വന്യമൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് 120 കിലോയോളം മ്ലാവിൻറെ ഇറച്ചിയും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരുൾപ്പെട്ട മൃഗവേട്ട സംഘമാണ് വനം വകുപ്പിൻറെ പിടിയിലായത്. വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയൻറെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.2023 സെപ്തംബർ 11നാണ് സംഭവം
ഈ ഭാഗത്ത് സ്ഥിരമായി മൃഗ വേട്ട നടക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ രാത്രി സംഘം ഇവിടെത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വേട്ടയാടിയ ഇറച്ചിയുമായെത്തിയ സംഘം പിടിയിലായത്. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇരുപത് വർഷമായി വന്യമൃഗവേട്ട നടത്തുന്ന സംഘമാണ് പിടിയിലാത്. മൂന്നാഴ്ച മുമ്പും ഇവിടെ നിന്നും മ്ലാവിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയതായി പിടിയിലായവർ വനം വകുപ്പിനോട് സമ്മതിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ ഭാഗത്തെത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
ഇവരിൽ നിന്നും കാട്ടിറച്ചി വാങ്ങിയ 25 ഓളം പേരുടെ വിവരങ്ങളും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇറച്ചി വാങ്ങിയതായി സ്ഥിരീകരിച്ചാൽ ഇവരെയും അറസ്റ്റ് ചെയ്യും. ഇവർക്ക് സഹായം ചെയ്തവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

