ആന്ധ്രാപ്രദേശിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചന്ദ്രബാബു നായിഡു റിമാൻഡിലായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഴിമതി കേസിൽ ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് വിജയവാഡ എസിബി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിഐഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം കോടതി നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ രാജമുന്ധ്രി ജയിലിലേക്ക് മാറ്റും. അതേസമയം
സംസ്ഥാനത്ത് കൂട്ടം കൂടാനോ ആയുധം കൈവശം വയ്ക്കാനോ പാടില്ലെന്ന് നിർദേശം നൽകി. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. നെപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. 10 വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഭരണകാലത്ത് ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ 317 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ടിഡിപി അധ്യക്ഷനെതിരെയുള്ള ആരോപണം. യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി രൂപീകരിച്ചതാണ് ഈ ബോർഡ്. തുക വ്യാജ കമ്പനികൾക്കാണ് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും ചന്ദ്രബാബു നായിഡുവാണെന്ന് സിഐഡി മേധാവി പറഞ്ഞു

