ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണമെന്ന് വി.ഡി സതീശൻ

മുൻ നക്‌സൽ നേതാവ് ഗ്രോ വാസുവിനെതിരായ കേസ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. നിയമസഭ തല്ലിതകർത്തവർക്കെതിരായ കേസ് പിൻവലിക്കാമെങ്കിൽ ഗ്രോ വാസുവിനെതിരായ കേസും പിൻവലിച്ചുകൂടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും ഗ്രോ വാസുവിനെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തി സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്കൊപ്പം കോഴിക്കോട് ജില്ലാ ജയിലിലെത്തിയ പ്രതിപക്ഷ നേതാവ് പത്ത് മിനിറ്റോളം ഗ്രോ വാസുവുമായി സംസാരിച്ചു. നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ലഭിക്കാത്ത നീതി തനിക്കും വേണ്ടെന്ന നിലപാട് മുൻ നക്‌സൽ നേതാവ് ഗ്രോ വാസു വി ഡി സതീശനോടും ആവർത്തിച്ചു. തനിക്ക് മേൽ ചുമത്തിയിരിക്കുന്നത് കള്ളകേസാണെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

ഗ്രോ വാസുവിൽ നിന്ന് കൂടുതൽ ഊർജ്ജം ലഭിച്ചെന്ന് സന്ദർശന ശേഷം വി ഡി സതീശൻ പ്രതികരിച്ചു. ഗ്രോ വാസുവും പുതുപ്പള്ളിയിലെ സതിയമ്മയും സർക്കാരിന്റെ ശത്രുക്കളായി മാറിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിഷയം സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →