പുറത്തുവന്നത് ചിലതാണെങ്കിൽ പുറത്തു വരാത്ത അനേകം കാര്യങ്ങൾ ഉണ്ട്; സഹകരണ മേഖലയിലെ അഴിമതിയിൽ സിപിഎം തീർത്തും അതൃപ്തർ

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലും സഹകരണ മേഖലയിലാകെയും നടക്കുന്ന കാര്യങ്ങളിൽ സിപിഎം തീർത്തും അതൃപ്തരാണ്. എങ്കിലും ഒരു പാർട്ടി അം​ഗവും മുൻമന്ത്രിയുമായുരുന്ന എ.സി.മൊയ്തീനെതിരെ ആരംഭിച്ച ഇഡി നീക്കത്തെ ഒരു പാർട്ടി അം​ഗമായതിനാൽ തന്നെ സിപിഎം എതിർക്കുന്നുണ്ട്. ‘പുറത്തുവന്നത് ചിലതാണെങ്കിൽ പുറത്തു വരാത്ത അനേകം കാര്യങ്ങൾ ഉണ്ടെന്നും’ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ മുൻകൂട്ടി പറഞ്ഞു. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തോതിൽ അഴിമതി ആ മേഖലയിൽ പടർന്നുപിടിച്ചതായാണു നേരത്തെ സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.

എന്നാൽ ആ പാർട്ടി നിരീക്ഷണത്തിൽ പിന്നീടു പാളിച്ച വന്നതായാണു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ‘‘പാർട്ടിക്ക് ആകെ അപമാനം വരുന്ന രീതിയിലുള്ള ചിലരുടെ വഴിവിട്ട നീക്കങ്ങളാണു പുറത്തുവന്നത്. അത്തരം സ്ഥലങ്ങളിൽ ഉത്തരവാദപ്പെട്ട സഖാക്കൾക്കും കമ്മിറ്റികൾക്കും ഗുരുതര വീഴ്ച സംഭവിച്ചു’’– സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നിയന്ത്രണമുള്ള സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾ പല സ്ഥലങ്ങളിലായി പുറത്തുവന്നതോടെ സംസ്ഥാന കമ്മിറ്റി മുൻകൈ എടുത്തു തിരുത്തൽ നടപടികൾ ആരംഭിച്ചു. ഓരോ പാർട്ടി ഘടകത്തിന്റെയും പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചു വിശദ പരിശോധന നടത്തി. സബ് കമ്മിറ്റികൾ വിളിച്ചു ചേർക്കാനും അവിടെ നടന്ന ചർച്ചകളുടെ റിപ്പോർട്ട് ജില്ലാ കമ്മിറ്റികൾക്കു കൈമാറാനും നിർദേശിച്ചു. ഈ റിപ്പോർട്ടുകൾ സംസ്ഥാന നേതൃത്വം പരിശോധിച്ചു. സബ്കമ്മിറ്റികളുടെ പ്രവർത്തനം ഒട്ടും തൃപ്തികരമല്ലെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ആഴ്ചയിൽ ഒരിക്കലെങ്കിലും കാഷ് ബുക്ക് പരിശോധിക്കണമെന്നും മിന്നൽ പരിശോധനകൾ നടത്തണമെന്നും തുടർന്ന് ആവശ്യപ്പെട്ടു.

സംഘങ്ങളെ നിയന്ത്രിക്കുന്ന പാർട്ടി നേതൃത്വത്തിനും വീഴ്ച സംഭവിച്ചെന്ന സിപിഎമ്മിന്റെ തന്നെ വിശകലനം മുതിർന്ന നേതാവ് എ.സി.മൊയ്തീനും ബാധകമാണോ എന്ന സന്ദേഹമാണ് പുതിയ സംഭവവികാസങ്ങൾ ഉയർത്തുന്നത്. ഇതുവരെയുള്ള പരിശോധനയിൽ പാർട്ടി അങ്ങനെ കരുതുന്നില്ല എന്നതുകൊണ്ടുതന്നെ മൊയ്തീനെ കൈവിടുകയുമില്ല. എന്നാൽ ഇഡിയുടെ തുടർനീക്കങ്ങൾ മൊയ്തീനും തൃശൂരിലെ പാർട്ടിക്കും നിർണായകമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →