സെപ്റ്റംബര്‍ മുതല്‍ പച്ചക്കറിവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ പച്ചക്കറിവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇത് റീട്ടെയില്‍ പണപ്പെരുപ്പത്തിലെ സമീപകാല കുതിപ്പ് ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് പതിനഞ്ച് മാസങ്ങളിലെ ഉയര്‍ന്ന നിരക്കായ 7.44 ശതമാനമാനത്തിലെത്തിയിരുന്നു. സെപ്റ്റംബര്‍ മുതല്‍ പച്ചക്കറി വിലക്കയറ്റം ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ഭക്ഷ്യവില കുറയുന്നതിനു തടസമുണ്ടാക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചു പുറത്തുവരുന്ന സൂചനകള്‍ പൊതുവേ അനുകൂലമാണെന്നു ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാന പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായിരുന്നിട്ടും അതിന്റെ സമീപകാലത്തെ ക്രമാനുഗതമായ കുറവ്, ഫലപ്രദമായ പണനയത്തയാണ് പ്രതിഫലിപ്പിക്കുന്നത്. പണപ്പെരുപ്പം സ്ഥിരമായി ഉയര്‍ന്ന നിലയില്‍ തുടരാതിരിക്കാനും മറ്റു വിഭാഗങ്ങളില്‍ പ്രതിഫലിക്കാതിരിക്കാനും ആര്‍ബിഐ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിലയില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉയര്‍ന്ന പണപ്പെരുപ്പ സാധ്യതകള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഇതിനെതിരേ റിസര്‍വ് ബാങ്ക് ജാഗ്രത പുലര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. വില നിയന്ത്രിക്കാനായി 2022 മെയ് മുതല്‍ റീപോ നിരക്കില്‍ 2.5 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഇടക്കാല ലക്ഷ്യമായ നാല് ശതമാനം എന്നതിലേക്ക് പണപ്പെരുപ്പം എത്തിക്കുവാന്‍ റിസര്‍വ് ബാങ്ക് പ്രതിജ്ഞാ ബദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിപണിയില്‍ പുതിയ കാര്‍ഷികോല്‍പ്പന്നങ്ങള്‍ എത്തുന്നതോടെ പച്ചക്കറിവില കുറയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് മഴയുടെ അളവില്‍ ആറ് ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് ഖാരിഫ് വിളയിറക്കലിനെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →