ഇന്ന് (17-08-2023 വ്യാഴാഴ്ച) മലയാളത്തിന്റെ പുതുവർഷ പുലരി;എല്ലാ വായനക്കാർക്കും പുതുവർഷ ആശംസകൾ

മലയാളത്തിന്റെ പുതുവർഷാരംഭമാണ് ചിങ്ങപിറവി. കർക്കിടകത്തിന്റെ വറുതികളെ മറന്ന് കാർഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികൾക്ക്. പഞ്ഞമാസമായ കർക്കിടകത്തിന് വിട. ഇനി സമ്പൽ സമൃദ്ധിയുടെ പൊന്നിൻ ചിങ്ങപുലരിയിലേക്ക്. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികൾ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാൽ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങമാസം.

ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയിൽ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തിൽ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും. ഒരു കാലത്തെ കാര്ഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി കർഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. കാലവും, കാലാവസ്ഥയും മാറിയെങ്കിലും കാർഷിക സ്വയം പര്യാപ്തതയിലേക്ക് കേരളം വീണ്ടും അടുക്കുന്നു എന്നതാണ് ഈ ചിങ്ങ പുലരിയിലെ പ്രതീക്ഷ. ആശങ്കകൾ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കർഷകർ. അന്യ സംസ്ഥാനങ്ങളെ പച്ചക്കറിക്ക് ആശ്രയിച്ച കേരളം അതിൽ നിന്നും മെല്ലെ മാറുന്ന കാഴ്ച മാറുന്ന കേരളീയ പ്രതീക്ഷയാണ്. 17-08 – 2023 വ്യാഴാഴ്ച ചിങ്ങ സവിശേഷതകളുമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.

കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലിന്റേതും. തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്.

തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതിരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കമാകട്ടെ എല്ലാ വായനക്കാർക്കും സമദർശി മീഡിയയുടെ ആയുരാരോഗ്യ സമ്പദ് സമൃദ്ധിയുടെ പുതുവത്സര ആശംസകൾ നേരുന്നു ഉയർന്ന ഉന്നത ബോധങ്ങളിലേയ്ക്ക് എത്തിച്ചേരാൻ മഹാ ചൈതന്യങ്ങൾ അനുഗ്രഹിയ്ക്കട്ടേ..

Share

About സുഭദ്ര വാര്യര്‍

View all posts by സുഭദ്ര വാര്യര്‍ →