സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ 2023 ഓഗസ്റ്റ് 16ന് വിധി പറയുകയാണ്. പൊലീസ് അറസ്റ്റ് ചെയ്ത പതിനൊന്നു പ്രതികളിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇപ്പോഴും ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത പോലീസിന് ഒൻപത് പ്രതികളെ കോടതി വെറുതെ വിട്ടതും തിരിച്ചടി ആയിരുന്നു. 2018 മാർച്ച് 27 പുലർച്ചെയായിരുന്നു സംഭവം ,
കിളിമാനൂരിലെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ ഒരു സ്ത്രീയുമായി വീഡിയോ കാളിലായിരുന്നു റേഡിയോ ജോക്കി .രാജേഷിന് ഒപ്പം സുഹൃത്തും സഹപ്രവർത്തകനുമായ കുട്ടനും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. സ്റ്റുഡിയോയിലേക്ക് കടന്നു വന്ന മൂന്നംഗ കൊലപാതക സംഘം ആദ്യം കുട്ടനെ വെട്ടി. വെട്ടേറ്റ കുട്ടൻ ഭയന്നോടുന്നു.പിന്നാലെ സംഘം രാജേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. . തുടർന്ന് സംഘം കാറിൽ രക്ഷപെട്ടു..
വീഡിയോ കാളിനിടെ നിലവിളി കേട്ട യുവതിയാണ് വിവരം രാജേഷിന്റെ സുഹൃത്തുക്കളെ അറിയിക്കുന്നത്. അവർ എത്തുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാജേഷിനെയാണ്. റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിന്റെ അന്വേഷണം അവിടെ തുടങ്ങുന്നു. ആരാണ്, എന്തിനാണ് രാജേഷിനെ കൊലപ്പെടുത്തിയത്. അവർ എങ്ങോട്ടാണ് പോയത്?
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു വിചാരണ. പ്രോസിക്യൂട്ടർ മാറിയതിനെ തുടർന്നു വീണ്ടും വിചാരണ നടത്തിയതും,മുഖ്യ സാക്ഷി കുട്ടൻ മൊഴി മാറ്റിയതും തിരിച്ചടിയായിരുന്നു. ഒടുവിൽ കോടതി രണ്ടാം പ്രതി മുഹമ്മദ് സാലിഹിനെയും മൂന്നാം പ്രതി അപ്പുണ്ണിയെയും കുറ്റക്കാരെന്നു കണ്ടെത്തി.ഒൻപതു പ്രതികളെ വെറുതെ വിട്ടതും പ്രോസിക്യൂഷന് നാണക്കേടാണ്.
ശിക്ഷ വിധിക്കുമ്പോഴും റേഡിയോ ജോക്കി കൊലപാതക കേസിലെ ഒന്നാം പ്രതി അബ്ദുൽ സത്താർ കാണമറയത്താണ്. കേരള പോലീസിന് ഒരിക്കലും മാറാത്ത നാണക്കേടായി അത് തുടരും.

