സൂര്യനെ തേടുന്ന ഐഎസ്ആര്‍ഒയുടെ ആദിത്യ പേടകം, അറിയേണ്ടതെല്ലാം

ചന്ദ്രന്റെ വിശേഷങ്ങള്‍ തേടിയുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഐ എസ് ആര്‍ ഒയുടെ യാത്ര തുടരുകയാണ്. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ചാന്ദ്ര ദൗത്യത്തിന് ശേഷം മറ്റൊരു വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഐ എസ് ആര്‍ ഒ. ഇന്ത്യയുടെ ആദ്യ സൗര പേടകമായ ആദിത്യ എല്‍ വണ്‍ സെപ്തംബര്‍ ആദ്യവാരം വിക്ഷേപിച്ചേക്കും. വിക്ഷേപണ തീയതി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിഎസ്എല്‍വി സി 57 ബഹിരാകാശ വാഹനമായിരിക്കും പേടകത്തെ ഭ്രമണപഥത്തില്‍ എത്തിക്കുക.

ആദിത്യ എല്‍-1 എന്താണ്?

സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യ ഇന്ത്യന്‍ ദൗത്യമായിരിക്കും ആദിത്യ എല്‍-1. ഈ ബഹിരാകാശ പേടകം വിക്ഷേപിച്ച് നാല് മാസത്തിന് ശേഷം സൂര്യ-ഭൗമ സംവിധാനത്തിലെ ലഗ്രാഞ്ച് പോയിന്റ് -1 (എല്‍ -1) ല്‍ എത്തിച്ചേരും. ഗ്രഹണം ഈ പോയിന്റിനെ ബാധിക്കില്ലെന്നതിനാല ഇവിടെ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം എളുപ്പമാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഒരു വസ്തുവിന്റെ ഭ്രമണപഥത്തില്‍ മറ്റൊരു വസ്തുവിന് ചുറ്റും ഒരു ഉപഗ്രഹമോ മറ്റ് ആകാശഗോളമോ സ്ഥാപിക്കാന്‍ കഴിയുന്ന പോയിന്റുകളെയാണ് ലഗ്രാഞ്ച് പോയിന്റുകള്‍ എന്ന് പറയുന്നത്. ഭൂമിയില്‍ നിന്ന് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള ദൂരം 15 ലക്ഷം കിലോമീറ്ററാണ്.
വൈദ്യുതകാന്തികങ്ങളുടെയും കണിക, കാന്തിക മണ്ഡലം ഡിറ്റക്ടറുകളുടെയും സഹായത്തോടെ സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, പുറം പാളികള്‍ എന്നിവ പഠിക്കുന്ന ഏഴ് പേലോഡുകള്‍ പേടകത്തിലുണ്ടാകും. നാല് പേലോഡുകള്‍ എല്‍-1 പോയിന്റില്‍ നിന്ന് നേരിട്ട് സൂര്യനെ നിരീക്ഷിക്കുകയും മൂന്ന് പേലോഡുകള്‍ അവിടെയുള്ള കണങ്ങളെയും ഫീല്‍ഡുകളെയും കുറിച്ച് പഠിക്കുകയും ചെയ്യും. സൗര പ്രവര്‍ത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയില്‍ അവയുടെ സ്വാധീനവും തത്സമയം മനസ്സിലാക്കാന്‍ വിക്ഷേപണം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് ആദിത്യ എല്‍ വണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ എത്തിച്ചിട്ടുണ്ട്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →