ഒരു തരത്തിലുമുള്ള പ്രകോപനത്തെയും സിപിഐഎം പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുതെന്നാണ് പാർട്ടി നിലപാട്. കോടിയേരിയുടെ കാലത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിലേക്ക് പോകാൻ താത്പര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എ എൻ ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ച ക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജന്റെ ഭീഷണിപ്രസംഗം.
ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലാണ് ജയരാജന്റെ മറുപടി. ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ പരാമർശം.‘പോപ്പുലർ ഫ്രണ്ടുകാർ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല’- എന്നായിരുന്നു കെ ഗണേശിന്റെ പ്രസ്താവന. ഈ ഭീഷണിയൊന്നും ഈ നാട്ടിൽ നടപ്പില്ലെന്നും അതിശക്തമായ ചെറുത്ത് നിൽപ്പുണ്ടാകുമെന്നും മറുപടിയായി പി.ജയരാജൻ പറഞ്ഞു.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എൻ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ ഗണേഷിന്റെ വിവാദ പരാമർശവും. രണ്ട് പ്രസംഗവും വിവാദമായതിന് പിന്നാലെ സ്പീക്കർ എ.എൻ ഷംസീറിനും പി ജയരാജനും പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിക്കും

