പെരിങ്ങൽക്കുത്ത് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു

കനത്ത മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നു. അഞ്ചടി വീതം 5 ഷട്ടറും ആറടി വീതം രണ്ടു ഷട്ടറുകളും ആണ് തുറന്നത്. ഇതോടെ പെരിങ്ങൽകുത്തിൽ മുഴുവൻ ഷട്ടറുകളും തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതാണ് മുഴുവൻ ഷട്ടറുകളും തുറക്കാൻ ഇടയാക്കിയത്.

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. കണ്ണൂർ തളിപ്പറമ്പിൽ വയോധിക പുഴയിൽ വീണ് മരിച്ചു. ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മധ്യകേരളത്തിലെ വിവിധ ഇടങ്ങളിലും ഉച്ചയ്ക്കു ശേഷം മഴ ശക്തിപ്പെട്ട സാഹചര്യമാണ് ഇന്നുണ്ടായത്. കോഴിക്കോട്, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരിക്കുകയാണ്.

മാവൂർ കച്ചേരിക്കുന്നിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. താമരശേരി ചെമ്പുകടവിൽ 20 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കാരശേരിയിൽ പെട്രോൾ പമ്പ് നിർമാണത്തിനായി മണ്ണെടുത്ത കുന്നിടിഞ്ഞു. പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെയാണ് ഇടിഞ്ഞുവീണത്.മലപ്പുറം പെരിന്തൽമണ്ണയിൽ ജില്ലാ ആശുപത്രിക്ക് സമീപത്ത് മതിൽ ഇടിഞ്ഞ് വീണു. തിരൂരങ്ങാടിയിൽ ഒടിഞ്ഞുവീണ മരക്കൊമ്പിൽ നിന്ന് ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാസർഗോഡ് നീലേശ്വരത്ത് ക്ഷേത്രത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. കരിന്തളത്ത് 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →