കോൽക്കത്ത: പശ്ചിമ ബംഗാളിൽ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ച് തൃണമൂൽ കോൺഗ്രസ്. ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കുമിടെയാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ വൻ ജയമാണ് തൃണമൂൽ സ്വന്തമാക്കിയിരിക്കുന്നത്. വിജയികളെ പ്രഖ്യാപിച്ച 27,985 ഗ്രാമപഞ്ചായത്തുകളിൽ 18,606 പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു. 8,180 സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ചൊവ്വാഴ്ച്ച വൈകിട്ട് 7.30 വരെയുള്ള തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കണക്കുകൾ പ്രകാരം ബിജെപിക്ക് 4,482 സീറ്റുകൾ മാത്രമേ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ. 2,419 പഞ്ചായത്തുകളിൽ ബിജെപി സ്ഥാനാർഥികൾ മുന്നേറുന്നുണ്ട്. 63,229 പഞ്ചായത്തുകളിലാണ് ഇത്തവണ തെരഞ്ഞെടുപ്പു നടക്കുന്നത്.
ഇടതു പാർട്ടികൾ 1,502 സീറ്റുകൾ സ്വന്തമാക്കി. സിപിഎം ഒറ്റയ്ക്ക് 1,424 സീറ്റുകളാണ് പിടിച്ചെടുത്തത്. 969 പഞ്ചായത്തുകളിൽ മുന്നേറ്റം തുടരുന്നുണ്ട്. 1,073 പഞ്ചായത്തുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചിരിക്കുന്നത്. 693 പഞ്ചായത്തുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ മുന്നേറുന്നുമുണ്ട്.
476 പഞ്ചായത്തുകളിൽ മറ്റു പാർട്ടികൾ വിജയിച്ചു. 208 സീറ്റുകളിൽ മുന്നേറ്റം തുടരുന്നുണ്ട്. തൃണമൂലിന്‍റെ വിമതർ അടക്കമുള്ള സ്വതന്ത്രർ 1.060 സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. 466 സീറ്റുകളിൽ മുന്നേറ്റം തുടരുന്നുണ്ട്. 785 സീറ്റുകളിൽ മത്സരാർഥികൾ സമനിലയിലാണ്.
പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ തൃണമൂൽ 118 സീറ്റുകൾ സ്വന്തമാക്കി. 782 സീറ്റുകളിൽ മുന്നേറ്റം തുടരുന്നതായി തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. അതേ സമയം പഞ്ചായത്ത് സമിതികളിൽ ഒന്നിൽ പോലും വിജയിക്കാൻ ബിജെപിക്ക് ആയിട്ടില്ല. 79 സീറ്റുകളിൽ മുന്നേറുന്നുണ്ട്. 9,728 പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞടുപ്പു നടക്കുന്നത്.
928 ജില്ലാ പരിഷത്തുകളിൽ 18 സീറ്റുകളിൽ തൃണമൂൽ വിജയിച്ചു. 64 സീറ്റുകളിൽ മുന്നേറുന്നുമുണ്ട്. തൃണമൂലിന്‍റെ ഗംഭീര വിജയത്തിൽ പാർട്ടി നേതാവ് അഭിഷേക് ബാനർജി ജനങ്ങളോട് നന്ദി പറഞ്ഞു. പ്രാദേശിക തെരഞ്ഞെടുപ്പിലെ വിജയം വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നും അഭിഷേക് ബാനർജി പറഞ്ഞു.
പ്രാദേശിക തെരഞ്ഞെടുപ്പ് അക്രമാസക്തമായിരുന്നു. വിവിധയിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 11 പേരും തൃണമൂൽ പാർട്ടി പ്രവർത്തകരാണ്.

