ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായി തേനി എംപിയുടെ വിജയം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. ഒ പനീർസെൽവത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടിൽ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കണ്ടെത്തൽ.
ഹർജിയിൽ വാദം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതേസമയം, അയോഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പനീർസെൽവത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ ഏക എഐഎഡിഎംകെ എംപിയേയും നഷ്ടപ്പെടുന്ന സാഹചര്യമാണ്.