കറാച്ചി: പ്രശസ്ത പാക്കിസ്ഥാനി സ്നൂക്കര്‍ താരം മജീദ് അലിയെ(28) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഏഷ്യന്‍ അണ്ടര്‍ 21 വെള്ളി മെഡല്‍ ജേതാവാണ് മജീദ് അലി. ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു മജീദ്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് അടുത്തുള്ള സമുന്ദ്രിയിലെ വീട്ടിലാണ് മജീദിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അത്യന്തം നിര്‍ഭാഗ്യകരവും ദു:ഖകരവുമായ വാര്‍ത്തയാണിതെന്ന് പാക്കിസ്ഥാന് ബില്യാര്‍ഡ് ആന്‍ഡ് സ്നൂക്കര്‍ ചെയര്മാന് അലംഗീര്‍ ഷെയ്ഖ് പറഞ്ഞു. പ്രതിഭാധനനായ താരമായിരുന്നു മജീദെന്നും അദ്ദേഹത്തില്‍ നിന്ന് രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നെന്നും അലംഗീര്‍ ഷെയ്ഖ് കൂട്ടിച്ചേര്‍ത്തു. മജീദിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് സഹോദരന് ഉമര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രശ്നങ്ങളൊന്നും മജീദിനില്ല. വര്‍ഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ഉമര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പാക് കായികലോകത്തെ രണ്ടാമത്തെ വാര്‍ത്തയാണിത്. പാക് രാജ്യാന്തര സ്നൂക്കര്‍ താരം മുഹമ്മദ് ബിലാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയ സ്തംഭനം മൂലം മരിച്ചിരുന്നു.

