കോഴിക്കോട് : മാട്രിമോണിയിൽ നിന്ന് നമ്പർ ശേഖരിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടുന്ന യുവാവ് കോഴിക്കോട് പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത് .പ്രതിയുടെ കയ്യിൽ നിന്നും കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തി.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ പരാതിക്കാരിയെ ദുബായിൽ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയൽ സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് വിദേശ മൊബൈൽ നമ്പറിൽ നിന്ന് വാട്‌സ്ആപ്പ് മുഖേനയും ഫോൺ കോൾ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. ചില കേസുകളിൽ കുടുങ്ങിയതിനാൽ അതിൽ നിന്നും ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.
രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തിൽ രണ്ടു വിവാഹങ്ങൾ കഴിച്ചതായി പൊലീസ് കണ്ടെത്തി. ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് കുറ്റകൃത്യം ചെയ്ത് വരുന്നത്. പ്രതി പരിചയപ്പെടുന്ന യുവതികളുടെ വീഡിയോകളും ഫോട്ടോകളും വാട്‌സാപ്പ് വഴി ശേഖരിക്കുകയും ആത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടുന്നത്. വിദേശത്തുനിന്നും തിരികെ വന്ന പ്രതി ബംഗളൂരുവിൽ വ്യാജ വിലാസത്തിൽ താമസിച്ചു വരുന്നതിനിടയിലാണ് അറസ്റ്റ്

