വർഷം 1975. ഇന്ത്യ എന്നാൽ ഇന്ദിരാ, ഇന്ദിരാ എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിക്കുന്ന കാലം. 1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണസ്വാധീനം ഉപയോഗിച്ചെന്ന കേസിൽ, അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് വിധിച്ചു. തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്തു. ചരിത്രവിധിയുടെ പതിമൂന്നാം നാൾ, ജൂൺ 25 ന് അർദ്ധരാത്രി ഇന്ദിരാ ഗാന്ധിയുടെ ശുപാർശയിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ ഒറ്റവരി ഉത്തരവെത്തി. രാജ്യത്ത് അടിയന്തരാവസ്ഥ.
ഡൽഹിയിലെ മുഴുവൻ പത്രസ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. അച്ചടിച്ച പത്രങ്ങൾ പുലർച്ചെ പൊലീസെത്തി കണ്ടുകെട്ടി. പത്രങ്ങൾക്ക് സെൻഷർഷിപ്പ് ഏർപ്പെടുത്തി. രാജ്യത്താകമാനം പ്രതിപക്ഷനേതാക്കളെ വേട്ടയാടി ജയിലിലിട്ടു. ആ ഇരുണ്ടനാളുകളിൽ കേരളത്തിൽ സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കെ കരുണാകരൻ ആഭ്യന്തരമന്ത്രിയും. കോഴിക്കോട് റിജീനൽ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിയായിരുന്ന രാജൻ അക്കാലത്തെ ഭരണകൂട ഭീകരതയുടെ അറിയപ്പെടുന്ന രക്ഷസാക്ഷിയാണ്. 800 ലധികം പേർ അടിയന്തരാവസ്ഥകാലത്ത് കേരളത്തിലെ ജയിലുകളിൽ അതിക്രൂരപീഢനങ്ങൾക്കിരയായിയെന്ന് ജസ്റ്റിസ് ജെ. സി. ഷാ കമ്മീഷൻ കണ്ടെത്തിയിരുന്നു.
പ്രതിസന്ധിഘട്ടത്തിലും അന്നത്തെ ഇന്ത്യൻ യൗവനം കാഴ്ച്ചക്കാരായി നിന്നില്ല, തെരുവുകളിൽ ഇന്ത്യയെന്നാൽ ഇന്ദിരയല്ലെന്നും ഇന്ദിരയെന്നാൽ ഇന്ത്യയല്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയർന്നു. ഒടുവിൽ, 1977 ൽ ഇന്ദിരഗാന്ധി തന്നെ അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. രാജ്യം മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയെ അധികാരത്തിലേറ്റി പ്രതികാരം ചെയ്തു. ചരിത്രത്തിലാദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിപക്ഷത്തായി