മോദിയുടെ യുഎസ് സന്ദര്‍ശനവും പ്രതിരോധമേഖലയിലെ ചരിത്ര നേട്ടവും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. സന്ദര്‍ശനേത്താടനുബന്ധിച്ച് പ്രതിരോധസഹകരണമേഖലയില്‍ നിര്‍ണായകനേട്ടം. ഇന്ത്യന്‍ വ്യോമസേനയ്ക്കായി പോര്‍വിമാനങ്ങളുടെ ജെറ്റ് എന്‍ജിന്‍ നിര്‍മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡു(എച്ച്.എ.എല്‍)മായി ചേര്‍ന്ന് ഇന്ത്യയില്‍ യൂണിറ്റ് ആരംഭിക്കുമെന്നു ജനറല്‍ ഇലക്ട്രിക്കല്‍സ് എയ്റോസ്പേസ് കമ്പനി പ്രഖ്യാപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ വന്‍നേട്ടമാണ് ഇരു കമ്പനികളും തമ്മിലുള്ള ധാരണാപത്രം. ജനറല്‍ ഇലക്ട്രിക്കല്‍സ് (ജി.ഇ) കമ്പനി മറ്റേതെങ്കിലും രാജ്യവുമായി ജെറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യ പങ്കുവയ്ക്കുന്നത് ഇതാദ്യമായാണ്. യു.എസ്. നാവികസേനാ പോര്‍വിമാനങ്ങള്‍ക്കു കരുത്തേകുന്ന എഫ്-414 ജെറ്റ് എന്‍ജിനുകളാകും ഇന്ത്യന്‍ വ്യോമസേനയുടെ തദ്ദേശീയ പോര്‍വിമാനമായ തേജസ് എം.കെ2-വിനായി എച്ച്.എ.എലുമായി ചേര്‍ന്ന് ജി.ഇ. എയ്റോസ്പേസ് ഇന്ത്യയില്‍ നിര്‍മിക്കുക. നിലവില്‍ ജി.ഇയുടെതന്നെ എഫ്. 404 എന്‍ജിനാണു തേജസില്‍ ഉപയോഗിക്കുന്നത്. ആ ശ്രേണിയിലുള്ള അടുത്ത എന്‍ജിന്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കപ്പെടുമെന്നതാണു കരാറിന്റെ പ്രത്യേകത. തേജസ് എം.കെ2 പോര്‍വിമാനങ്ങള്‍ക്കായി 99 എന്‍ജിനുകള്‍ നിര്‍മിച്ചുനല്‍കാനുള്ള കരാര്‍ നേരത്തേതന്നെ ജി.ഇയുമായുണ്ട്.

ജനറല്‍ ഇലക്ട്രിക്കല്‍സ് ചെയര്‍മാന്‍ എച്ച്. ലോറന്‍സ് കള്‍പ് ജൂനിയറുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് എച്ച്.എ.എലുമായി ജെറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യ കൈമാറ്റം പ്രഖ്യാപിക്കപ്പെട്ടത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സഹിതം പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ട്വീറ്റ് ചെയ്തു. ഇന്ത്യയും എച്ച്.എ.എലുമായുള്ള ദീര്‍ഘകാലപങ്കാളിത്തത്തിലെ ചരിത്രപരമായ നേട്ടമാണ് ഈ കരാറെന്നു ലോറന്‍സ് കള്‍പ് വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് ബൈഡന്റെയും പ്രധാനമന്ത്രി മോദിയുടെയും നീക്കത്തില്‍ ഒരുപങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ കമ്പനിക്ക് അഭിമാനമുണ്ട്. പകരം വയ്ക്കാനില്ലാത്ത എഫ്-414 എന്‍ജിനുകള്‍ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക-പ്രതിരോധനേട്ടങ്ങളില്‍ നിര്‍ണായകമാകും. ഇന്ത്യയുടെ സൈനികാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഉയര്‍ന്ന നിലവാരമുള്ള ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ സഹായിക്കും- ലോറന്‍സ് പറഞ്ഞു.

ജില്‍ ബൈഡന് പച്ച നിറമുള്ള വജ്രം നല്‍കി മോദി

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യു.എസ്. പ്രഥമ വനിത ജില്‍ ബൈഡന് വിശിഷ്ട ഉപഹാരം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി- ലാബില്‍ നിര്‍മിച്ച 7.5 കാരറ്റ് പച്ച വജ്രം. രാസഘടനയിലും കാഴ്ചയിലും സ്വഭാവിക വജ്രത്തിന്റെ സവിശേഷതകള്‍ ഉള്ളതാണിത്. സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയും ഉപയോഗിച്ചു നിര്‍മിച്ച വജ്രം പരിസ്ഥിതി സൗഹാര്‍ദ സന്ദേശവും നല്‍കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെയും സുസ്ഥിര രാജ്യാന്തര ബന്ധത്തിന്റെയും പ്രതീകമായ വജ്രം, കശ്മീരിലെ വിദഗ്ധ കരകൗശല വിദഗ്ധര്‍ നിര്‍മിച്ച പെട്ടിയിലാണു സൂക്ഷിച്ചിരിക്കുന്നത്.

പ്രസിഡന്റ് ജോ ബൈഡന് ‘പത്തു പണം’ അടങ്ങിയ വിശിഷ്ടമായ ചന്ദനപ്പെട്ടിയും ഉപനിഷത്തും സമ്മാനിച്ചു. മൈസൂരില്‍നിന്നുള്ള ചന്ദനം ഉപയോഗിച്ചു രാജസ്ഥാന്‍ ജയ്പൂരിലെ കരകൗശല വിദഗ്ധനാണു കൊത്തുപണികള്‍ നിറഞ്ഞ പെട്ടി നിര്‍മിച്ചത്. കൊല്‍ക്കത്തയിലെ ഒരു കുടുംബം നിര്‍മിച്ച ഗണപതിയുടെ വെള്ളി വിഗ്രഹവും ഇതിലുണ്ട്. വൈറ്റ് ഹൗസില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നിലാണ് മോദി സമ്മാനങ്ങള്‍ കൈമാറിയത്. മോദിയെത്തുന്നതിനു മുന്നോടിയായി വൈറ്റ് ഹൗസിന്റെ അകത്തളങ്ങള്‍ കമനീയമായി അലങ്കരിച്ചിരുന്നു. താമരയും മയില്‍ച്ചിത്രങ്ങളും ഉപയോഗിച്ചു മുറികള്‍ക്കു മോടികൂട്ടിയിരുന്നു.
പുരാതന അമേരിക്കന്‍ വസ്തുക്കളടങ്ങിയ ബുക്ക് ഗാലറിയായിരുന്നു മോദിക്കു ബൈഡന്റെ സമ്മാനം. പഴയകാല അമേരിക്കന്‍ ക്യാമറ, വന്യജീവികളുടെ ചിത്രങ്ങളടങ്ങിയ പുസ്തകം, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരത്തിന്റെ കോപ്പി എന്നിവയും ബൈഡന്‍ സമ്മാനിച്ചു. യു.എസ്. പ്രഥമവനിത ജില്‍ ബൈഡന്റെ മേല്‍നോട്ടത്തില്‍ മോദിക്കായി വിഭവസമൃദ്ധമായ അത്താഴവിരുന്നും വൈറ്റ് ഹൗസില്‍ ഒരുക്കിയിരുന്നു. നിന കര്‍ട്ടിസ് എന്ന ഷെഫിനായിരുന്നു വിഭവങ്ങള്‍ തയാറാക്കുന്നതിന്റെ ചുമതല. വെജിറ്റേറിയന്‍ വിഭവങ്ങളായിരുന്നു ഒരുക്കിയിരുന്നത്. മില്ലറ്റ് കേക്കുകള്‍, ഗ്രില്‍ഡ് കോണ്‍ കെര്‍ണെല്‍ സാലഷ്, ടാങ്കി അവക്കാഡോ സോസ്, കംപ്രസ്ഡ് വാട്ടര്‍മെലണ്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →