ലോകത്തെ കണ്ണീരിലാഴ്ത്തി ടൈറ്റന്‍ അന്തര്‍വാഹിനി, അറിയേണ്ടതെല്ലാം

അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ടൈറ്റന്‍ തകര്‍ന്നതായും ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായും അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും സ്ഥിരീകരിച്ചിരിക്കുകയാണ്. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പല്‍ കാണാന്‍ പോയ സംഘം അപകടത്തില്‍പെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ലോകത്തിന്റെ മുഴുവന്‍ കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലമാക്കിക്കൊണ്ടാണ് ദുരന്തവാര്‍ത്ത പുറത്തുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ കടലിന്റെ ആഴങ്ങളില്‍ അസ്തമിച്ച ആഡംബര കപ്പല്‍ ടൈറ്റാനിക് സന്ദര്‍ശിക്കാനുള്ള സമുദ്രാന്തര സാഹസിക വിനോദ സഞ്ചാരത്തിനു പോയ സമുദ്രപേടകം ടൈറ്റനും അറ്റ്ലാന്റിക് സമുദ്രത്തിന്റെ അവസാനിച്ചു.ഓക്സിജന്റെ അളവ് തീരുന്നതിനു മുമ്പു ടൈറ്റന്‍ കണ്ടെത്താനുള്ള ശ്രമമാണ് അവശിഷ്ടങ്ങള്‍ കണ്ടതോടെ അവസാനിച്ചത്.
ടൈറ്റാനിക് അവശിഷ്ടങ്ങള്‍ക്ക് 1,600 മീറ്റര്‍ അകലെയാണ് അഞ്ച് ഭാഗങ്ങളായി ടൈറ്റന്‍ ചിതറിക്കിടക്കുന്നതായി അമേരിക്കന്‍ തീര സംരക്ഷണ സേന കണ്ടെത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ ഗേറ്റ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ സി ഇ ഒ, സ്റ്റോക്ടന്‍ റഷ് ഉള്‍പ്പെടെ പേടകത്തിലെ അഞ്ചു യാത്രക്കാരും മരിച്ചതായി കമ്പനി വെളിപ്പെടുത്തി.

കടലിന്നടിയിലെ മര്‍ദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂ. പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. ഇവരുടെ മൃതദേഹ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന അറിയിച്ചു. ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാഹസികരായ യാത്രക്കാരേയും വഹിച്ച് ഞായറാഴ്ചയാണ് ടൈറ്റന്‍ കടലിന്റെ അടിത്തട്ടിലേക്ക് പുറപ്പെട്ടത്. 2021ലും 22ലും ടൈറ്റന്‍ ഇത്തരം യാത്രകള്‍ വിജയകരമായി നിര്‍വഹിച്ചിരുന്നു. ഇത്തവണത്തെ യാത്ര പുറപ്പെട്ട് ഒന്നേ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മദര്‍ഷിപ്പ് പോളാര്‍ പ്രിന്‍സുമായുള്ള ടൈറ്റന്റെ ബന്ധം നഷ്ടമായിരുന്നു. അഞ്ചു യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിലുണ്ടായിരുന്നത്.

അപകട സൂചന ലഭിച്ചതോടെ അമേരിക്കയും കാനഡയും ഫ്രാന്‍സും ബ്രിട്ടനും പങ്കാളികളായ സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനാണു ലോകം സാക്ഷ്യം വഹിച്ചത്. വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും 17,000 ചതുരശ്ര കിലോമീറ്ററിനുള്ളിലാണ് തിരച്ചില്‍ നടത്തിയത്. ടൈറ്റനില്‍ നിന്നെന്ന് സംശയിക്കുന്ന സിഗ്നലുകള്‍ കനേഡിയന്‍ വിമാനത്തിനു ലഭിച്ചതായി വിവരമെത്തിയത് പ്രതീക്ഷ പകര്‍ന്നിരുന്നു. എന്നാല്‍ എല്ലാ കാത്തിരിപ്പും അവസാനിപ്പിച്ചുകൊണ്ടു 22/06/23 വ്യാഴാഴ്ച രാത്രി 12.15 ഓടെ ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണമെത്തി.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →