ഏകപക്ഷീയമായ തിരുത്തല്‍: എന്‍സിആര്‍ടി പാഠ പുസ്തകങ്ങളില്‍ നിന്ന് പേര് നീക്കണമെന്ന് പൊളിറ്റക്കല്‍ സയന്‍സ് വിദഗ്ധരും

എന്‍സിആര്‍ടി പാഠ പുസ്തക വിവാദം വീണ്ടും കത്തുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിന്റെ പാഠപുസ്തക വികസന സമിതിയുടെ ഭാഗമായിരുന്നു 33 പൊളിറ്റക്കല്‍ സയന്‍സ് വിദഗ്ധര്‍ തങ്ങളുടെ പേരുകള്‍ പുസ്തകങ്ങളില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിന് കത്തെഴുതിയതാണ് വിഷയത്തിലെ ഒടുവിലുണ്ടായ വാര്‍ത്ത. എന്‍സിഇആര്‍ടി വരുത്തിയ ‘ഏകപക്ഷീയമായ’ മാറ്റങ്ങളാണ് പേരുകള്‍ നീക്കണമെന്ന ആവശ്യത്തിന്റെ പ്രധാന കാരണം. നേരത്തെ
ശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നത് പരിഹാസ്യമാണെന്ന് പറഞ്ഞ് ശാസ്ത്രജ്ഞരും അധ്യാപകരും ശാസ്ത്ര പ്രചാരകരും എന്‍സിആര്‍ടിയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800ഓളം ശാസ്ത്രജ്ഞരും അധ്യാപകരും നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന് കത്തും എഴുതി.

പൊളിറ്റക്കല്‍ സയന്‍സ് വിദഗ്ധര്‍ പറയുന്നത്

ബഹുവീക്ഷണങ്ങളുണ്ടായിട്ടും സ്‌കൂള്‍ പാഠപുസ്തനിര്‍മിതിയ്ക്കായി ഒറ്റകെട്ടായി പ്രവര്‍ത്തിച്ചവരാണ് തങ്ങള്‍. വസ്തുതകള്‍ക്ക് പ്രധാന്യം നല്‍കി
യാണ് പാഠഭാഗങ്ങള്‍ തിരഞ്ഞെടുത്തതും. എന്നാല്‍ എന്‍സിആര്‍ടി ഇപ്പോള്‍ ഈ പാഠപുസ്തകങ്ങളില്‍ നിര്‍ണായകമായ നിരവധി മാറ്റങ്ങള്‍ ഏകപക്ഷിയമായി വരുത്തി. പല വസ്തുതകളും നീക്കം ചെയ്തു. ആരാണ്, എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പാഠപുസ്തക ഉള്ളടക്കത്തില്‍ തീരുമാനമുണ്ടായത്?. ഇത്തരമൊരു പുസ്തകം തങ്ങള്‍ നിര്‍മ്മിച്ചെന്ന് പറഞ്ഞ് അതില്‍ പേര് നല്‍കുന്നത് അപമാനമാണെന്നും പൊളിറ്റക്കല്‍ സയന്‍സ് വിദഗ്ധര്‍ എഴുതിയ കത്തില്‍ പറയുന്നു.ചട്ടപ്രകാരം അധ്യാപനപരവുമായ വിഷയങ്ങളില്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. ഇന്ത്യയിലെ വിവിധ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ശാസ്ത്രജ്ഞരാണ് സ്‌കൂള്‍ കുട്ടികള്‍ക്കായി ആകര്‍ഷകമായ രീതിയില്‍ പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പ്രൊഫഷണല്‍ സമയം തന്നെ നീക്കിവച്ചു. തയ്യാറാക്കിയ ഗ്രന്ഥങ്ങളുടെ കരട് വിഷയ വിദഗ്ധര്‍ക്ക് അയച്ചു. അവര്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും മാറ്റം വരുത്തുകയും ചെയ്തു. ഇത്തരത്തില്‍ തയ്യാറാക്കിയ പുസ്തകങ്ങളിലാണ് ഏകപക്ഷീയമായ തിരുത്തലും മാറ്റവും വരുത്തിയത്. അക്കാദമിക് സ്വാതന്ത്ര്യം,അധ്യാപനപരമായ സമഗ്രത, സ്ഥാപനപരമായ ഉടമസ്ഥത എന്നിവയില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പുറമേ, ബൗദ്ധിക സ്വത്തവകാശ ചോദ്യത്തിലും ഞങ്ങള്‍ വിശദീകരണം തേടുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.

പരിണാമ സിദ്ധാന്തം ഒഴിവാക്കലിനെതിരേയും വിദഗ്ധരുടെ കത്ത്

9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കാന്‍ എന്‍സിആര്‍ടി നീക്കം നടത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നതിനെതിരെ കത്തില്‍ ഒപ്പിട്ടതെന്ന് ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി ഏപ്രില്‍ 20-ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന കണ്ടെത്തല്‍ കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ചിന്താ പ്രക്രിയകളില്‍ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം കരുതുന്നതായി കത്തില്‍ പറയുന്നു. പരണാമ സിദ്ധാന്തത്തിന്റെ ശാസ്ത്രീയവും സാമൂഹികവുമായ പ്രസക്തി വിശദീകരിച്ചാണ് കത്തെഴുതിയിരിക്കുന്നത്. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവ് ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമാണെന്നും കത്തില്‍ പറയുന്നു.
കൊവിഡ് -19 ന് ശേഷം വിദ്യാര്‍ഥികളുടെ സിലബസ് ഭാരം കുറയ്ക്കുന്നതിനായാണ് എന്‍സിഇആര്‍ടി പല പാഠഭാ?ഗങ്ങളും നീക്കം ചെയ്യുന്നതെന്നാണ് വിശദീകരണം. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിന്റെ പട്ടികയില്‍ ‘പൈതൃകവും പരിണാമവും’ എന്ന തലക്കെട്ടിലെ പരിണാമമാണ് ഒഴിവാക്കി 9-ാം അദ്ധ്യായം ‘പാരമ്പര്യം’ എന്ന് മാത്രമാക്കി. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ തിരിച്ചെത്തിയിട്ടും പകര്‍ച്ചവ്യാധിയുടെ സമയത്ത് എടുത്ത നടപടികള്‍ തുടരുകയാണെന്നും ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും കുറ്റപ്പെടുത്തുന്നു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →