കാഞ്ഞിരപ്പള്ളി : ശ്രദ്ധ സതീഷിന്റെ മരണത്തെ തുടർന്ന് അടച്ചുപൂട്ടിയ കാഞ്ഞിരപ്പളളി അമൽജ്യോതി കോളേജിൽ ക്ലാസുകൾ 2023 ജൂൺ 12 മുതൽ പുനരാരംഭിക്കും. പൊലീസിന്റെ സുരക്ഷയിലായിരിക്കും ക്ലാസുകൾ പ്രവർത്തിക്കുക. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് കോളേജ് അടച്ചിട്ടത്. രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്.
ശ്രദ്ധയുടെ മരണത്തെ തുടർന്ന് ആരോപണ വിധേയായ കോളേജ് വാർഡൻ സിസ്റ്റർ മായയെ ചുമതലകളിൽ നിന്ന് മാറ്റി. എച്ച്ഒഡി അനൂപിനെതിരെ തത്ക്കാലം നടപടിയില്ല. ശ്രദ്ധയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോളജിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്.
ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളേജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അമൽ ജ്യോതി എൻജിനീയറിങ് കോളേജ് താത്ക്കാലികമായി അടച്ചിട്ടത്. വിദ്യാർത്ഥി പ്രതിഷേധം ശക്തമായിത്തുടങ്ങിയതോടെ കോളേജ് മാനേജ്മെന്റ് പൊലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളേജിന് സംരക്ഷണം തേടുകയുമായിരുന്നു.

