15നകം കുറ്റപത്രമെന്നു മന്ത്രി, ഗുസ്തി താരങ്ങളുടെ സമരം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ അന്വേഷണം 15 നകം പൂര്‍ത്തിയാക്കുമെന്നു സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറിന്റെ ഉറപ്പ്. ഇതോടെ സമരം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ഒളിമ്പ്യന്‍ ബജരംഗ് പുനിയ അറിയിച്ചു. തുടര്‍നടപടികള്‍ 15 നുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് 30 നകം പൂര്‍ത്തിയാക്കുമെന്നു മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. സംഘടനയെ ഒരു വനിത നയിക്കണമെന്ന താരങ്ങളുടെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ബ്രിജ് ഭൂഷണോ അനുയായികളോ അടുത്ത ഭരണ സമിതിയില്‍ ഉണ്ടായിരിക്കില്ല. താരങ്ങള്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

ബജ്രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരാണു മന്ത്രിയുടെ വസതിയില്‍വച്ച് ചര്‍ച്ച നടത്തിയത്. മന്ത്രിയുടെ ക്ഷണപ്രകാരമാണു താരങ്ങള്‍ ചര്‍ച്ചയ്ക്ക് എത്തിയത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല. ഹരിയാനയിലെ സ്വന്തം ഗ്രാമമായ ബലാലിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പഞ്ചായത്ത് ഉള്ളതിനാല്‍ സമരത്തിന്റെ പ്രധാന മുഖമായ വിനേഷ് ഫോഗട്ട് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. അഞ്ചു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണു കേന്ദ്രസര്‍ക്കാര്‍ ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →