നാസിക്ക്: നാസിക്കിലെ സമൃദ്ധി മഹാമാർഗിൽ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടത്തിൽ പെട്ടത് 11 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു. അമിത വേഗതയിൽ വന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് ഹൈവേയുടെ മറുവശത്ത് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ 3.30- ഓടെയാണ് സംഭവം. ധരംസിംഗ് ബുഷിഗെ (51), രാജേന്ദ്ര രാജ്പുത് (49), രഗ്വീന്ദ്ര (11) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കൾക്ക് നിസാര പരിക്കുകളുണ്ട്. അതേസമയം 15 വയസ്സുള്ള സഹോദരൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കുടുംബങ്ങൾ എക്സ്.യു.വി യിൽ ജൽനയിലേക്ക് പോകുകയായിരുന്നു. മരിച്ച കുട്ടിയുടെ പിതാവാണ് കാർ ഓടിച്ചിരുന്നതെന്ന് വാവി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നു പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അപകടവിവരം അറിഞ്ഞയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി യാത്രക്കാരെ മുഴുവൻ ആശുപത്രിയിലേക്ക് മാറ്റി. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെട്ടവരുടെ മൊഴികളും മരണാനന്തര ചടങ്ങുകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.