ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. റെയില്‍വേ മന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഓര്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ രാജിവെക്കണമെന്നും റെയില്‍വേ മന്ത്രിക്ക് തുടരാന്‍ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ആരും ഏല്‍ക്കുന്നില്ലെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍ ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എന്‍.സി.പി ആവശ്യപ്പെട്ടു. ജനങ്ങളെ കൊല്ലുന്ന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. സ്വയം രാജിവെച്ച് പോകണമെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണം: പ്രതിപക്ഷം
