യുഎഇയിലെ ഖോർഫക്കാനിൽ ഇന്ത്യക്കാരുൾപ്പെടെയുളള സംഘം സഞ്ചരിച്ച ഉല്ലാസ ബോട്ടുകൾ അപകടത്തിൽ പെട്ടു. ഖോർഫക്കാനിലെ ഷാർക്ക് ഐലന്റിലാണ് ബോട്ടപകടം ഉണ്ടായത്. . അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേററിട്ടുണ്ട്. ഇവരെ ഉടൻ സമീപത്തുളള ആശുപത്രിയിലേക്ക് മാററിയതായി അധികൃതർ വ്യക്തമാക്കി. ബോട്ട് മറിഞ്ഞതായി വിവരം ലഭിച്ചയുടൻ കോസ്റ്റ്ഗാർഡ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
അപകടകാരണത്തെപറ്റിയുളള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം ഖോർഫക്കാനിലുണ്ടായ ബോട്ടപടകത്തിൽ രണ്ട് മലയാളികൾക്ക് ജീവൻ നഷ്ടമായിരുന്നു.പെരുന്നാൾ അവധി ആഘോഷിക്കാനായി ഖോർഫക്കാനിലെത്തിയ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞായിരുന്നു അപകടംസംഭവിച്ചത്. പന്തളം കൂരമ്പാല സ്വദേശി പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ ഏഴുവയസുകാരനായ പ്രണവ്,നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിൽ എന്നിവർക്കാണ് അന്ന് അപകടത്തിൽ ജീവൻ നഷ്ടമായത്.
അതേസമയം അന്നത്തെ അപകടത്തിൽ കുറ്റക്കാരായവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഓപറേറ്റർ നിബന്ധനകൾ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ഷാർജ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു

