ട്രക്കിടിച്ച് ബംഗാളി ടെലിവിഷന്‍ താരം സുചന്ദ്ര ദാസ്ഗുപ്ത മരിച്ചു

കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ സീരിയല്‍ താരം സുചന്ദ്ര ദാസ്ഗുപ്ത വാഹനാപകടത്തില്‍ അന്തരിച്ചു. കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ ട്രക്ക് താരത്തെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ സുചന്ദ്ര മരണപ്പെടുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. അപകടത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ നിയന്ത്രിക്കുന്നതില്‍ ട്രാഫിക് പൊലീസിന് അനാസ്ഥ സംഭവിച്ചതായി ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. പ്രശസ്ത ബംഗാളി ടെലിവിഷന്‍ സീരിയല്‍ ‘ഗൗരി എലോ’ യിലെ അഭിനയത്തിലൂടെ ജനപ്രിയ താരമായി മാറിയ അഭിനേത്രിയാണ് സുചന്ദ്ര ദാസ്ഗുപ്ത. നടിയുടെ പെട്ടെന്നുണ്ടായ വിയോഗത്തിന്റെ ഞെട്ടലിലാണ് ബംഗാളി ടെലിവിഷന്‍ സീരിയല്‍ മേഖല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →