ജറുസലേം: 1,500 വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ സുറിയാനി ബൈബിളില്‍ ”മറഞ്ഞിരിക്കുന്ന രണ്ട് അധ്യായങ്ങള്‍” ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മത്തായിയുടെ സുവിശേഷത്തിലെ 11, 12 അധ്യായങ്ങളാണു അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ തിരിച്ചറിഞ്ഞത്. വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന പുരാതന ക്രിസ്തീയ ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതിയില്‍ അള്‍ട്രാവയലറ്റ് വെളിച്ചം പ്രയോഗിച്ചാണു തിരുവെഴുത്ത് കണ്ടെത്തിയത്.
പുരാതന സുറിയാനി ഭാഷയിലാണു ബെബിള്‍. ഇതിന്റെ സമ്പൂര്‍ണ വിവര്‍ത്തനം ഗവേഷകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മത്തായി 12-ാം അധ്യായത്തിന്റെ ഗ്രീക്ക് പതിപ്പില്‍ ശാബത് ദിവസം ശിഷ്യന്മാര്‍ ധാന്യപ്പാടത്തിലൂടെ സഞ്ചരിക്കുന്നതും ശാബത് തെറ്റിച്ചു ധാന്യം കഴിക്കുന്നതുമാണു വിവരിച്ചിരിക്കുന്നത്. ”ശിഷ്യന്മാര്‍ വിശന്നു ധാന്യത്തിന്റെ തലയെടുത്ത് ഭക്ഷിക്കാന്‍ തുടങ്ങി” എന്നായിരുന്നു വിവരണം. സുറിയാനി പരിഭാഷയില്‍ ഇത് ”ധാന്യത്തിന്റെ തലകള്‍ എടുത്ത് കൈകളില്‍ തിരുമ്മിക്കൊണ്ട് ഭക്ഷിക്കാന്‍ തുടങ്ങി”. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ബൈബിളിന്റെ ആദ്യകാല വിവര്‍ത്തനങ്ങളെക്കുറിച്ചു സുപ്രധാന വിവരങ്ങള്‍ ഇത്തരം ഗ്രന്ഥങ്ങള്‍ നല്‍കുമെന്നു ഗ്‌ളാസ്‌ഗോ സര്‍വകലാശാലയിലെ ബൈബിള്‍ പുതിയ നിയമ പഠനകേന്ദ്രത്തിലെ ഡോ. ഗാരിക് അലന്‍ പറഞ്ഞു. ഇത് ഇന്ന് അറിയപ്പെടുന്ന സുവിശേഷ വാക്യത്തില്‍നിന്ന് വ്യത്യസ്തമാണ്.- അദ്ദേഹം പറഞ്ഞു. വിവര്‍ത്തനത്തിലെ വ്യത്യാസത്തേക്കാളേറെ മറഞ്ഞിരുന്ന വാക്കുകള്‍ കണ്ടെത്തിയതിലാണു ശാസ്ത്രജ്ഞര്‍ക്ക് ആവേശം. രഹസ്യരേഖകള്‍ വീണ്ടെടുക്കാന്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ സഹായിക്കുന്നതാണു കാരണം. കാലപ്പഴക്കത്തില്‍ മറയുന്ന വാചകങ്ങള്‍ അള്‍ട്രാ വയലറ്റ് പ്രകാശത്തില്‍ തിളങ്ങുന്നതാണു പ്രതീക്ഷ. മായിച്ചു കളഞ്ഞിട്ട് എഴുതിയ വാക്കുകള്‍ പോലും ഇങ്ങനെ വീണ്ടെടുക്കാമത്രേ. എത്ര തവണ വീണ്ടും ഉപയോഗിച്ചാലും, യഥാര്‍ത്ഥ രചനകള്‍ പേപ്പറില്‍നിന്നും വീണ്ടെടുക്കാം. പഴയ സുറിയാനി പരിഭാഷയെ ‘പെഷിത്ത’ എന്നാണു വിളിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ അഞ്ചാം നൂറ്റാണ്ട് മുതല്‍ ഈ ബൈബിള്‍ പരിഭാഷയാണ് ഉപയോഗിക്കുന്നത്. ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയേക്കാള്‍ പഴക്കമുള്ളതാണു സുറിയാനി പരിഭാഷ.