പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ടോൾ പിരിവ് ആരംഭിച്ചാൽ തടയുമെന്നു സംയുക്ത സമരസമിതി

വടക്കഞ്ചേരി : ∙ പന്നിയങ്കര ടോൾ പ്ലാസയിൽ 2023 ഏപ്രിൽ മാസം 10 മുതൽ പ്രദേശവാസികൾ നിർബന്ധമായും ടോൾ നൽകണമെന്നു നിർമാണ കമ്പനി അറിയിച്ചു. വ‌‌ടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോ‌ട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്ക് ഇതുവരെ ആധാർ കാർഡ് കാണിച്ച് സൗജന്യമായി യാത്ര ചെയ്യാമായിരുന്നു. ഈ സൗജന്യയാത്ര നിർത്തലാക്കുമെന്ന് ടോൾ പ്ലാസ അധികൃതർ പറഞ്ഞു. ഒരു മാസത്തേക്കു 330 രൂപ നൽകി പ്രദേശവാസികൾ പാസ് എടുക്കണം. ഇതിനുള്ള കാര്യങ്ങൾ ടോൾ പ്ലാസയിൽ സ‍ജ്ജമാക്കിയിട്ടുണ്ട്. 10ന് ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

പന്നിയങ്കരയിലെ ടോൾ നിരക്ക് ഏപ്രിൽ ഒന്നുമുതൽ 5% വർധിപ്പിച്ചതിനു പിന്നാലെയാണ് 6 പഞ്ചായത്തുകളിലെ ജനങ്ങൾക്കുള്ള സൗജന്യയാത്ര 10 മുതൽ ഇല്ലെന്ന നിലപാട് ബന്ധപ്പെട്ടവർ സ്വീകരിച്ചിരിക്കുന്നത്. 2022 മാർച്ച് 9നു ടോൾ പിരിവ് ആരംഭിച്ച ശേഷം 2022 ഏപ്രിൽ ഒന്നിനും നവംബർ മൂന്നിനും 5% വീതം കൂട്ടിയിരുന്നു. പി.പി.സുമോദ് എംഎൽഎ മുൻപു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത ശേഷമേ പ്രദേശവാസികളുടെ ടോൾ പിരിവു സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നു കരാർ കമ്പനി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, ആരുമായും ഒരു ചർച്ചയും നടത്താതെയാണു പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കുമെന്നു കമ്പനി അറിയിച്ചിരിക്കുന്നത്.

ടോൾ പിരിവ് ആരംഭിച്ചാൽ തടയുമെന്നു സംയുക്ത സമരസമിതിയും വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളും ജനകീയവേദി ഭാരവാഹികളും പറഞ്ഞു. 2023 ഏപ്രിൽ ഒന്നു മുതൽ ടോൾ പിരിക്കാനാണു മുൻപു തീരുമാനിച്ചിരുന്നത്. എന്നാൽ, വേലകൾ നടക്കുന്നതിനാൽ മതിയായ സംരക്ഷണം നൽകാൻ കഴിയില്ലെന്നു പൊലീസ് അറിയിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →