കുന്നത്തങ്ങാടി:∙ തൃശൂരിൽ സ്ത്രീവേഷം ധരിച്ചെത്തിയ മോഷ്ടാവ് പട്ടാപ്പകൽ കടയുടമയുടെ തലക്കടിച്ചു. തൃശൂർ കുന്നത്തങ്ങാടിയിൽ പ്രഭ ഫാഷൻ ആൻഡ് ഇന്നർവെയേഴ്സ് ഉടമ, വെളൂത്തൂർ പരക്കാട് വട്ടപ്പറമ്പിൽ രാമചന്ദ്രന്റെ ഭാര്യ രമ (50) ആണ് ആക്രമണത്തിനിരയായത്. 2023 ഏപ്രിൽ 2 ഞായറാഴ്ച ഉച്ചക്ക് 2.15 ഓടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് വെളുത്തൂർ പാലൊളി ധനേഷ് (കണ്ണൻ–40) എന്നയാൾ അറസ്റ്റിലായി. അന്തിക്കാട് ഇൻസ്പക്ടർ പി.കെ. ദാസും സംഘവുമെത്തിയായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്..
ആക്രമണത്തിൽ പരുക്കേറ്റ രമ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണ വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെകയ്യോടെ പിടി കൂടി പൊലീസിലേൽപിച്ചത്. തലയിൽ ഷാളിട്ട്, മുഖത്ത് മാസ്ക് വച്ച് സ്ത്രീവേഷത്തിൽ കാൻസർ രോഗിയെ പോലെ കടയിലെത്തിയ ധനേഷ് മൂകയെന്ന വ്യാജേന രമയോട് ഏതാനും തുണിത്തരങ്ങൾ വേണമെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെട്ടു. ബ്ലൗസ്തുണി, ചുരിദാർ മെറ്റീരിയൽ എന്നിവയാണ് ആവശ്യപ്പെട്ടത്. രമ തുണിയെടുത്തു കൗണ്ടറിലെ മേശയിൽ വച്ചപ്പോൾ പണം തികയില്ലെന്നും പുറത്ത് പോയി വരാമെന്നും കാണിച്ചു പ്രതി തിരിച്ചുപോയി. വീണ്ടും വന്നു ബിൽ എഴുതാൻ ആവശ്യപ്പെടുകയും ബിൽ ബുക്ക് എടുക്കാൻ കുമ്പിട്ട രമയുടെ തലയ്ക്ക് കമ്പിവടികൊണ്ട് അടിക്കുകയുമായിരുന്നു. രണ്ട് തവണ അടിയേറ്റ രമ അക്രമിയെ തടുത്ത് പുറത്തേക്കു തള്ളി. നിലവിളി കേട്ട് സമീപത്തെ കടകളലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം ഓടിയെത്തുകയും അക്രമിയെ പിടികൂടി പുറത്ത് കെട്ടിയിടുകയുമായിരുന്നു.
ആക്രമിച്ചത് സ്ത്രീയാണെന്നാണ് എല്ലാവരും കരുതിയതെങ്കിലും, മാസ്കും ഷോളും മാറ്റിയപ്പോഴാണ് പ്രതി പുരുഷനാണെന്നു നാട്ടുകാർക്ക് മനസിലായത്. ഇയാൾ ഉൾവസ്ത്രം വരെ ധരിച്ചിരുന്നു. ആരു കണ്ടാലും സ്തീയാണെന്നേ തോന്നുമായിരുന്നുള്ളൂ. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ വെളൂത്തൂർ സ്വദേശിയാണെന്നു മനസിലായത്.
സ്ത്രീവേഷം ധരിച്ച് ഒരാഴ്ച മുൻപ് ഇതേ കടയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ ധനേഷ് എത്തിയിരുന്നതായി രമ പറഞ്ഞു. അന്ന് കുറച്ച് രൂപയ്ക്ക് സാധനങ്ങൾ വാങ്ങി. അതിന്റെ പണവും നൽകിയിരുന്നതായി പറയുന്നു. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പെരുമാറ്റം. ധനേഷ് നേരത്തെ ഗൾഫിലായിരുന്നു. പിന്നീട് കുന്നത്തങ്ങാടി സെന്ററിൽ ലോട്ടറി കച്ചവടവും ഹോട്ടലും നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

