പാലക്കാട് ∙ മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ 3 പേർ കൂടി അറസ്റ്റിൽ. അത്തിമണി സ്വദേശികളായ മനോജ്, അജിത്, തത്തമംഗലം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകരായ എട്ടു പേരും നേരത്തെ അറസ്റ്റിലായിരുന്നു. 2023 മാർച്ച് 26 ന് പുലർച്ചെ അഞ്ചരയോടെ, മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം. പുതുക്കാട് സ്വദേശിയായ വ്യാപാരി, മധുരയിൽനിന്നു സ്വർണവുമായി തൃശൂരിലേക്കു പോകുന്നതിനിടയിലായിരുന്നു ബസിനു മുന്നിൽ കാർ നിർത്തി മാർഗതടസ്സം സൃഷ്ടിച്ചുള്ള കവർച്ച.
തൃശൂരിലെ ജ്വല്ലറിയിൽനിന്നു തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി സ്വകാര്യ ബസിൽ മടങ്ങിവരികയായിരുന്നു വ്യാപാരി. സ്വർണം കൈക്കലാക്കിയശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്തു റോഡിൽ ഉപേക്ഷിച്ചു കാറിലെത്തിയവർ തമിഴ്നാട് ഭാഗത്തേക്കു രക്ഷപ്പെട്ടു.