രാജ് ഭവന്റെ പുതിയ നീക്കം : കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നൽകാമെന്ന് ​ഗവർണർ

തിരുവനന്തപുരം : കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നൽകാമെന്ന് കാണിച്ച് രാജ്ഭവൻ കത്ത് നൽകി. ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഗവർണറുടെ പിൻവാങ്ങൽ. ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താൽപര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്നാണ് രാജ്ഭവനിൽ നിന്ന് അറിയിച്ചിരിക്കുന്നത്.

കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നടന്നത് വൻ പോരാണ്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31 ന് തീരാൻ ഇരിക്കേയാണ് രാജ്ഭവൻ കടും പിടുത്തം വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. ഒന്നുകിൽ സജി ഗോപിനാഥിന് അല്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന വ്യക്തിക്ക് ചുമതല നൽകാം എന്നാണ് രാജ്ഭവനിൽ നിന്നുള്ള കത്ത്. കേരള സർവകലാശാലയിലെ 15 സേനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

സിസ തോമസിന്റെ നിയമന രീതിയെയും കോടതി ചോദ്യം ചെയ്തിരുന്നു. വീണ്ടും സർക്കാർ കോടതിയിൽ പോയാൽ തിരിച്ചടി ഉണ്ടാകും എന്ന് കരുതിയാണ് രാജ് ഭവൻറെ പുതിയ നീക്കം. കെടിയു വിസി ആയിരുന്ന രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരം സജി ഗോപിനാഥനും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവൻറെ നിലപാട്. അതടക്കം തിരുത്തിയാണ് ഇപ്പോഴത്തെ കീഴടങ്ങൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →