കായൽ സംരക്ഷണത്തിലെ പരാജയം : കേരളത്തിന് 10 കോടി രൂപ പിഴയിട്ട് ദേശീയ ഗ്രീൻ ട്രൈബൂണൽ

കായൽ സംരക്ഷണത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ ദേശീയ ഗ്രീൻ ട്രൈബൂണൽ കേരളത്തിന് 10 കോടി രൂപ പിഴയിട്ടു. പരിസ്ഥിതി പ്രവർത്തകനായ കെ.വി. കൃഷ്ണദാസ് സർക്കാരിനെതിരെ ഹരിത ട്രിബ്യൂണലിൽ ഫയൽ ചെയ്തിരുന്ന കേസിലാണ് നടപടി. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാനും ഗ്രീൻ ട്രൈബൂണൽ സർക്കാരിനോട് നിർദേശിച്ചു.

10 കോടി രൂപ ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കുകയും വേണമെന്ന് നിർദേശമുണ്ട്. ആറുമാസത്തിനുള്ളിൽ കർമപദ്ധതി നടപ്പാക്കണമെന്നും അതിനുള്ളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് പിഴത്തുക ഈടാക്കണമെന്നും ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.

തണ്ണീർത്തടങ്ങൾ കൂടിയായ വേമ്പനാട്, അഷ്ടമുടി കായലുകൾക്ക് ചുറ്റുമുള്ള സ്ഥാപനങ്ങളും കേരള സർക്കാരും മാലിന്യസംസ്കരണം കൃത്യമായി നടത്തുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ട്രിബ്യൂണലിന്റെ വിലയിരുത്തൽ. വേമ്പനാട്, അഷ്ടമുടി കായലുകളിലെ വെള്ളം പരിശോധിച്ചപ്പോൾ 100 മില്ലിലിറ്ററിൽ രണ്ടായിരത്തി അഞ്ഞൂറിലധികമായിരുന്നു കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം. 100 മില്ലിലിറ്റർ വെളളത്തിൽ 500ൽ താഴെയായിരിക്കണം ബാക്ടീരിയകളുടെ എണ്ണം.

ജസ്റ്റിസ് ആദർശ്കുമാർ ഗോയൽ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിഷയവിദഗ്ധൻ ഡോ. എ. സെന്തിൽവേൽ എന്നിവരുൾപ്പെട്ട ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →