നടനായാണു സിനിമയിലേക്കെത്തിയതെങ്കിലും ഇന്നസെന്റ് സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിച്ചു. തിരക്കഥാകൃത്തായും നിര്‍മാതാവായും പിന്നണി ഗായകനായും സിനിമയില്‍ നിറസാന്നിധ്യമായിരുന്നു. അഭിനയത്തിന് പുറമെ മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ നിരവധി സിനിമകള്‍ ഇന്നസെന്റ് നിര്‍മിച്ചു. ”വിട പറയും മുന്‍പേ” എന്ന സിനിമയ്ക്കായി ഇന്നസെന്റിന് ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയംവക്കേണ്ടി വന്നു. എന്നിരുന്നാലും, ആ ചിത്രം ചലച്ചിത്രനിര്‍മാണത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു. അതേസമയം, പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്റെ ജ്യേഷ്ഠന്‍ എം. രാഘവന്‍ എഴുതിയ കഥയുടെ ദൃശ്യാവിഷ്‌കാരമായിരുന്നു ഇളക്കങ്ങള്‍. മോഹന്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മാതാവെന്ന നിലയില്‍ ഇന്നസെന്റിന്റെ കരിയറിലെ ഒരു പൊന്‍തൂവലായി പലപ്പോഴും വാഴ്ത്തപ്പെടുന്നു. കഥയുടെ അവകാശം വില്‍ക്കാന്‍ രാഘവനെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മയ്ക്കായ്, കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ”ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്” തുടങ്ങിയ സിനിമകളുടെ സഹനിര്‍മാതാവ് കൂടിയായിരുന്നു ഇന്നസെന്റ്.
പാവം ഐ.എ. ഇവാച്ചന്‍, കീര്‍ത്തനം എന്നീ ചിത്രങ്ങള്‍ക്കായി തിരക്കഥയൊരുക്കി.
അഞ്ച് സിനിമകളില്‍ പിന്നണി ഗായകനായും ഇന്നസെന്റ് പ്രവര്‍ത്തിച്ചു. മഴവില്‍ കാവടി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന് 2009 ലെ കേരള സ്‌റ്റേറ്റ് ക്രിട്ടിക് അവാര്‍ഡും അദ്ദേഹം നേടി.
കഴിഞ്ഞ 11 വര്‍ഷമായി ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ്. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ ഇന്നസെന്റ് നാലു പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നില്‍ (ആത്മകഥ), കാന്‍സര്‍വാര്‍ഡിലെചിരി എന്നിവയാണ്. കണ്ഠത്തില്‍ ക്യാന്‍സര്‍ ബാധിച്ച് കുറച്ചുകാലം ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കിടന്നതിന്റെ അനുഭവങ്ങളാണ് ക്യാന്‍സര്‍വാര്‍ഡിലെ ചിരി എന്ന പുസ്തകം.