ന്യൂഡല്‍ഹി: വിധിയെ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധിക്കെതിരെ മിന്നല്‍ വേഗത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രം അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ പുറത്താക്കും. ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിക്കുക. ഉത്തരവ് വന്ന തീയതി മുതല്‍ ഒരുമാസത്തിനകം ഡല്‍ഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് ഭവന നഗരവികസന മന്ത്രാലയം കത്തുനല്‍കും. ഹൈക്കോടതിയില്‍നിന്ന് ഇളവുലഭിച്ചില്ലെങ്കില്‍ പുറത്താക്കല്‍ നടക്കും. വയനാട്ടില്‍ നിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടശേഷം 2004-ലാണ് രാഹുലിന് ഔദ്യോഗിക വസതി ലഭിച്ചത്. 2020 ജൂലായില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്കു ഡല്‍ഹി ലോധി എസ്റ്റേറ്റില്‍ ഉണ്ടായിരുന്ന ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു. സുരക്ഷ വെട്ടിക്കുറച്ചതിനുപിന്നാലെയായിരുന്നു വീടൊഴിപ്പിച്ചത്.