കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിന് കോഴിക്കോട് കോർപ്പറേഷൻ സോൺടയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവുമായി പ്രതിപക്ഷ കൗൺസിലർമാർ. മുഖ്യന്ത്രിയുടെ അറിവോടെ മുകളിൽ നിന്ന് ഉറപ്പിച്ച കച്ചവടമാണ് കോഴിക്കോട്ടേത്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ഫയലുകൾ എല്ലാം നീങ്ങിയതെന്നും കൗൺസിലർമാർ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ ടെക്നികൽ സെക്രട്ടറി എം സി ദത്തൻ 2019 ൽ ഞെളിയൻ പറമ്പിൽ നേരിട്ട് എത്തിയിരുന്നു. ചീഫ് സെക്രട്ടറിയാണ് ഇപ്പോഴും ഞെളിയൻ പറമ്പുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നത്. ഇതെല്ലാം തെളിയിക്കുന്നത് സോൺടയുമായുള്ള കരാറിൽ മുഖ്യമന്ത്രിക്കുള്ള താത്പര്യമാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലറും കക്ഷി നേതാവുമായ കെ സി ശോഭിത ആരോപിച്ചു.
വേസ്റ്റ് റ്റു എനർജി പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച അനുബന്ധ കമ്പനി(എസ്.പി.വി.)യെ എല്ലാ ബാധ്യതകളിൽനിന്നും ഒഴിവാക്കി കെ.എസ്.ഐ.ഡി.സി. കത്തും നൽകി. ഇതു സർക്കാരിന്റെ താത്പര്യം കൊണ്ടാണെന്നും കെ.സി. ശോഭിത ആരോപിച്ചു.8.24 ലക്ഷം രൂപ പദ്ധതിയുടെ തുടക്കത്തിൽ തന്നെ നൽകി. 1.15 കോടിരൂപ 2020 ലും 49.19 ലക്ഷം രൂപ അതിന് ശേഷവും നൽകി. 2023 ൽ 82.39 ലക്ഷം രൂപയും നൽകി. 2023 ൽ 82.39 ലക്ഷം രൂപയും നൽകി.
ബയോ മൈനിങ് ഉൾപ്പടെ യാതൊരു പ്രവർത്തിയും ഞെളിയൻ പറമ്പിൽ നടന്നിട്ടില്ലെന്ന് കോർപ്പറേഷൻ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും സോൺടയ്ക്ക് ഇത്രയും തുക നൽകിയത് ആരുടെ താത്പര്യം കൊണ്ടാണ് എന്ന് മേയർ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലാണ് ഞെളിയൻ പറമ്പ് ഉള്ളത്. മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കയിൽ മന്ത്രി ഇടപെടാത്തത് എന്താണെന്നും പ്രതിപക്ഷം ചോദിച്ചു.

