തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവ മെയ് മാസം വരെ നിലനിർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആർ.എസ് എന്നിവ കരുതണം. പൊതു ജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്കർ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീർ പന്തലുകൾ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയിൽ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോർപ്പറേഷൻ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവർത്തി അടുത്ത 15 ദിവസത്തിനുള്ളിൽ നടത്തുമെന്നും പിണറായി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുൻനിർത്തി ഡിജിപി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാൻ യൂണിറ്റ് മേധാവികൾക്ക് ഡിജിപി നിർദ്ദേശം നൽകി. ഇത്തരം ചെലവിനായി ഇതിനകം തന്നെ ജില്ലകൾക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വരുംദിവസങ്ങളിൽ വിശിഷ്ടവ്യക്തികൾ സംസ്ഥാനം സന്ദർശിക്കുന്നതിനാൽ സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. അവർക്കെല്ലാം ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. നിർജലീകരണം സംഭവിക്കാതിരിക്കാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പടക്കം വിൽക്കുന്ന കടകൾ പ്രത്യേകം നിരീക്ഷിക്കാനും ലൈസൻസ് ഇല്ലാത്ത ഇത്തരം കടകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകി.
പട്രോളിങ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പൊലീസ് ഉദ്യോഗസ്ഥർ തീ പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികൾക്കും മൃഗങ്ങൾക്കുമായി പാത്രങ്ങളിൽ വെള്ളം കരുതണം. അടിയന്തിരഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ പൊലീസ് കൺട്രോൾ റൂമിലും 04712722500, 9497900999 എന്ന നമ്പറിൽ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്നും ഡിജിപി അറിയിച്ചു.