തൃശൂര്‍: കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി അമിത്ഷായുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും 12 ഫെബ്രുവരി 2023 പകല്‍ 12 മുതല്‍ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാര്‍ക്കിങ്ങ് അനുവദിക്കില്ല. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുള്ള കോര്‍പ്പറേഷന്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍, പടിഞ്ഞാറെകോട്ട നേതാജി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ കിഴക്കേകോട്ടയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഐ.ടി.സി, ഇക്കണ്ടവാര്യര്‍ ജങ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ അതേ വഴി സര്‍വീസ് നടത്തേണ്ടതാണ്. മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ഫാത്തിമ നഗര്‍, ഐ.ടി.സി. ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ ജങ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്സ്, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം.
മണ്ണുത്തി ഭാഗത്ത് നിന്നും സര്‍വീസ് നടത്തുന്ന ബസുകള്‍ കിഴക്കേകോട്ടയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ് പാലസ്, ചെമ്പുക്കാവ്, അശ്വിനി ജങ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷന്‍ വഴി സര്‍വീസ് നടത്തേണ്ടതാണ്. മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ബിഷപ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജങ്ഷന്‍, അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷന്‍ തിരികെ വഴി സര്‍വീസ് നടത്തണം. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പാട്ടുരായ്ക്കല്‍ അശ്വിനി, ചെമ്പുക്കാവ്, ഈസ്റ്റ് ഫോര്‍ട്ട്, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ സാധാരണപോലെ സര്‍വീസ് നടത്തേണ്ടതാണ്. വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട്, അയ്യന്തോള്‍ എന്നീ ഭാഗങ്ങളില്‍നിന്നും വരുന്ന ബസുകള്‍ പടിഞ്ഞാറേകോട്ടയില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറെ കോട്ടയില്‍നിന്ന് സര്‍വീസ് നടത്തണം. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നുതന്നെ തിരികെ സര്‍വീസ് നടത്തേണ്ടതാണ്. ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ മുണ്ടുപ്പാലം ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് അവിടെനിന്ന് തന്നെ തിരികെ സര്‍വീസ് നടത്തണമെന്നും സിറ്റി പോലീസ് അറിയിച്ചു.

